ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ. ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ ആനയെയാണ് ഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഫാം പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെ കല്യാണിയുടെ പറമ്പിൽ വീട്ടുമുറ്റത്തോട് ചേർന്നാണ് 30 വയസ് പ്രായം വരുന്ന കൊമ്പനാനയെ ഞായറാഴ്ച പുലർച്ചെ ചെരിഞ്ഞനിലയിൽ കണ്ടത്.
രാത്രി ഏറെ വൈകിയാണ് കിടന്നതെങ്കിലും പുറത്ത് ബഹളമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടു മുറ്റത്തോട് ചേർന്ന് നിന്നിരുന്ന രണ്ട് പപ്പായ മരങ്ങൾ ഒടിച്ചിട്ടിട്ടുണ്ട്. സമീപത്തുതന്നെയുള്ള മറ്റൊരു പറമ്പിലെ കായ്ഫലമുള്ള തെങ്ങും കുത്തി മറിച്ചിട്ട നിലയിലാണ്. ആന ചെരിഞ്ഞുകിടക്കുന്ന പറമ്പിലൂടെ ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ട്. ഇതിൽ നിന്നും ഷോക്കേറ്റതാണെന്നാണ് നിഗമനം. ആന ചെരിയാനിടയായ കാരണം കണ്ടെത്തുന്നതിനായി വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനയെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് പോസറ്റ്‌മോർട്ടം നടത്തി സംസ്‌ക്കരിച്ചു. വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നതിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടക്കും.
വയറുനിറയെ വാഷ്!
പ്രാഥമിക പരിശോധനയിൽ ആന വളരെയേറെ വാഷ് കഴിച്ചതായി തെളിഞ്ഞിട്ടുണ്ട്. യഥേഷ്ടം വാഷ് ലഭിക്കുന്നതും കാട്ടാന ജനവാസ മേഖലയിൽ തന്നെ തങ്ങുന്നതിന് പ്രധാന കാരണമാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ കൃഷിയിടത്തിൽ ഏഴു വയസ്സോളം പ്രായമുള്ള കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ആറളംഫാമിൽ ചെരിഞ്ഞ നിലയിൽ നാല് ആനകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വർഷം മൂന്ന് ആനകളാണ് ഫാമിൽ ചെരിഞ്ഞത്.