കണ്ണൂർ: വാരിയെല്ലിനേൽക്കുന്ന പരിക്കുകളിൽ ഉത്തര കേരളത്തിൽ ആദ്യമായി നൂതന ചികിത്സാരീതിയുമായി കണ്ണൂർ ആസ്റ്റർ മിംസ് ജനറൽ ലാപ്പറോസ്‌കോപ്പിക് ആൻഡ് തൊറാകോസ്‌കോപ്പി വിഭാഗം. ഇത്തരം ശസ്ത്രക്രിയ നിർവ്വഹിക്കാനാവശ്യമായ സൗകര്യങ്ങൾ ഉത്തര മലബാറിൽ ലഭ്യമല്ലാത്തതിനാൽ രോഗിക്ക് വിശ്രമം നിർദ്ദേശിക്കുകയും വേദനാ സംഹാരികൾ നൽകുകയും മാത്രമായിരുന്നു പ്രതിവിധി.
ഇങ്ങനെ ചെയ്യുമ്പോൾ രോഗിക്ക് ശ്വസനത്തിനും മറ്റും ബുദ്ധിമുട്ടനുഭവപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. സ്വാഭാവികമായും ദീർഘനാൾ ഐ.സി.യുവിന്റെ യും വെന്റിലേറ്ററിന്റെയും സഹായം ആവശ്യമായി വരാറുണ്ട്. പ്രത്യേകം വികസിപ്പിച്ചെടുത്ത ടൈറ്റാനിയം പ്ലേറ്റ്, സ്‌ക്രൂ എന്നിവ ഉപയോഗിച്ചാണ് പ്രത്യേകം വൈദഗ്ദ്ധ്യം നേടിയ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നിർവ്വഹിക്കുന്നത്.
അതികഠിനമായ വേദനയിൽ നിന്നുമുള്ള ആശ്വാസം, ദീർഘകാലത്തെ ഐ.സി.യു വാസം, ആശുപത്രിവാസം, വെന്റിലേറ്ററിന്റെ ഉപയോഗം എന്നിവയിൽ നിന്നുള്ള മുക്തി, വളരെ പരിമിതമായ രീതിയിൽ മാത്രം വേദനാസംഹാരികളുടെ ആവശ്യകത, ചികിത്സാ ചെലവിലുള്ള കുറവ്, തുടങ്ങിയവയെല്ലാം ഈ രീതിയുടെ നേട്ടങ്ങളാണ്. ജനറൽ ലാപ്പറോസ്‌കോപ്പിക് ആൻഡ് തൊറാകോസ്‌കോപ്പി വിഭാഗത്തോടൊപ്പം തന്നെ കാർഡിയാക് സർജറി വിഭാഗം, എമർജൻസി വിഭാഗം അനസ്തീസിയ വിഭാഗം, പൾമണോളജി വിഭാഗം, ക്രിട്ടിക്കൽ കെയർ വിഭാഗം എന്നിവയിലെ ഡോക്ടർമാരുടെ സഹായവും പിന്തുണയും ഈ രീതിക്ക് ലഭ്യമാകുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഡോക്ടർമാരായ കെ.എം സൂരജ് (സി.എം.എസ്), പ്രസാദ് സുരേന്ദ്രൻ, ഐ.സി ശ്രീനിവാസ്, ജിമ്മി സി. ജോൺ, ദേവരാജ്, സുപ്രിയ രഞ്ജിത്ത്, എം.ഒ ശ്രീജിത്ത്, റിനോയ് ചന്ദ്രൻ, ജിനേഷ് വീട്ടിലകത്ത് എന്നിവർ പങ്കെടുത്തു.