പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ നടക്കുന്ന കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ.

അറിയിച്ചു. സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 106 കോടി രൂപ ചെലവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 7 നില പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പണിയാണ് ഇനി പൂർത്തിയാകാനുള്ളത്. ഇത് ഫെബ്രുവരി അവസാനത്തോടെ പൂർത്തീകരിക്കും. അതോടുകൂടി നിലവിലെ ആശുപത്രി പ്രവർത്തനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാൻ സാധിക്കും.

നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, ആശുപത്രി സൂപ്രണ്ട് ഡോ. ജീവൻ ലാൽ, നിർവ്വഹണ ഏജൻസിയായ ഹൈറ്റ്‌സിന്റെ പ്രതിനിധികൾ, കെ.എസ്.ഇ.ബി. അസി: എൻജിനീയർ സൂരജ് , നിർമ്മാണ കരാർ ഏറ്റെടുത്ത ക്രസന്റ് കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികളും , എസ്.ടി.പി. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനും പങ്കെടുത്തു.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിന്റെ റിനോവേഷൻ പ്രവർത്തനങ്ങളാണ് നടത്തുക. 2023 മേയ് മാസത്തോടുകൂടി മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാൻ കഴിയും. ആശുപത്രിയിലേക്ക് ആവശ്യമായ 20 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനു കിഫ്‌ബി അനുമതി ലഭിച്ചിട്ടുണ്ട്.

ടി.ഐ. മധുസൂദനൻ എം.എൽ.എ

നിർമ്മാണ പ്രവർത്തനങ്ങൾ

106 കോടി

കിഫ്‌ബി ഫണ്ടിൽ