
പഴയങ്ങാടി:വെങ്ങര മൂലക്കീൽ കടവിലെ ആദിത്യനും അമ്മ ദാക്ഷായണിക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം.കാരുണ്യത്തിന്റെ കൈ സ്പർശത്താൽ കെ.എസ്.ടി.എ മാടായി ഉപജില്ലാ കമ്മറ്റി നിർമ്മിച്ച് നൽകിയ പുതിയ വീടിന്റെ താക്കോൽദാനം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനാണ് നിർവഹിച്ചത്.
രാവിലെ പാൽ കാച്ചൽ ചടങ്ങ് മുതൽ താക്കോൽ ദാന ചടങ്ങും ശേഷമുള്ള ഉച്ച ഭക്ഷണവും വിളമ്പി ഉത്സവ ലഹരിയിലായിരുന്നു നാട്ടുകാർ .രണ്ട് മുറിയും ഹാളും അടുക്കളയും ബാത്ത് റൂമും സജ്ജീകരിച്ചതാണ് പുതിയ വീട്. പൊട്ടിപ്പൊളിഞ്ഞു സുരക്ഷിതമില്ലാത്ത ആദ്യവീട് പൊളിച്ച് മാറ്റിയാണ് പുതിയ വീട് നിർമ്മിച്ചത്. അദ്ധ്യാപക സംഘടന ആറു മാസം കൊണ്ടാണ് വീട് പണിത് കൈമാറിയത്. നാട്ടുകാരുടെ ഒത്തൊരുമയും സഹായവും കൊണ്ടാണ് ഇത്രയും പെട്ടെന്ന് വീട് പൂർത്തീകരിക്കാൻ കഴിഞ്ഞതെന്ന് സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എം.രാമചന്ദ്രൻ പറഞ്ഞു .
കുട്ടിക്കൊരുവീട് എന്ന പദ്ധതിയിലൂടെയാണ് കെ.എസ്.ടി.എ ഈ വീട് നിർമ്മിച്ചത്. ക്ലാസ് മുറിയിലിരിക്കുന്ന കുട്ടിയുടെ സന്തോഷവും സുരക്ഷിതത്വവും അദ്ധ്യാപക സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുള്ളതാണ് ഈ പദ്ധതി. മാടായി ഉപജില്ലയിലെ അദ്ധ്യാപകർ, വിരമിച്ച അദ്ധ്യാപകർ, നാട്ടുകാർ തുടങ്ങിയവരുടെ സഹായത്തോടെയാണ് വീട് ഒരുക്കിയത്.മാടായി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിത്യൻ.