കാസർകോട്: കാറഡുക്ക, മുളിയാർ, പാണ്ടി, പരപ്പ വനമേഖലകളിൽ നിന്ന് കാട്ടാനകളെ പൂർണമായും തുരത്താത്ത വനംവകുപ്പ് നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം കാറഡുക്ക ഏരിയാ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. കാറഡുക്ക, മുളിയാർ, ദേലംപാടി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ ഭൂരിഭാഗം കൃഷിയും കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു. കുരങ്ങും കാട്ടുപന്നിയും കാട്ടുപോത്തും നടത്തുന്ന കൃഷിനാശവുമുണ്ട്.
വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനകളാണ്. ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള വനമേഖലയിൽ തമ്പടിച്ച് കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് തയ്യാറാകുന്നില്ല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന വനംവകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സെപ്തംബർ 30 നകം ആനകളെ തുരത്തുമെന്നും അറിയിച്ചെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും ആനകളെ പൂർണമായും തുരത്താൻ യാതൊരു പദ്ധതിയുമായിട്ടില്ല.
ആനകളെ തുരത്തി ശേഷം വേലിയോട് ചേർന്ന് ആർ.ആർ.ടി സേവനം ലഭ്യമാക്കാനായിരുന്നു പദ്ധതി. കൃഷിയിടം നശിപ്പിക്കുന്നത് നിത്യസംഭവമായതു കൂടാതെ വഴിയാത്രക്കാരെയും ആക്രമിച്ചു ഭീതി പടർത്തുന്ന സംഭവങ്ങൾ നിരവധിയുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഓരോ വർഷവുമുണ്ടാകുന്നത്. 2017 മുതലുള്ള കർഷകരുടെ നഷ്ടപരിഹാര തുക പോലും നൽകാൻ വനംവകുപ്പ് തയ്യാറായിട്ടില്ല.
കാട്ടാനകളെ തുരത്താൻ അടിയന്തര നടപടിയില്ലെങ്കിൽ അനിശ്ചിതകാല സത്യാഗ്രഹ സമരമുൾപ്പെടെ സംഘടിപ്പിക്കാനാണ് സി.പി.എം നീക്കം. ജനപ്രതിനിധികളും കർഷകരും ഒന്നിച്ച് സമരത്തിനിറങ്ങുമെന്നും ജനുവരി നാലിന് സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും കാറഡുക്ക ഏരിയാ സെക്രട്ടറി എം. മാധവൻ പ്രസ്താവനയിൽ അറിയിച്ചു.