തൃക്കരിപ്പൂർ: കവ്വായി കായലിന്റെ ജൈവ വൈവിദ്ധ്യവും ഇടയിലക്കാട് കാവിന്റെ ഹരിത പൈതൃകവും തൊട്ടറിഞ്ഞ് എൻ.എസ്.എസ് വളണ്ടിയർമാരുടെ പഠന ക്യാമ്പ്. തൃക്കരിപ്പൂർ ഗവ. വി.എച്ച്.എസ്‌.എസ്‌ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പംഗങ്ങളാണ് സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്‌കാരം നേടിയ നിളയുടെ നേതൃത്വത്തിൽ യാത്ര നടത്തുന്നത്. ജനുവരി ഒന്ന് വരെ ക്യാമ്പംഗങ്ങളെ നയിച്ചുള്ള നിളയുടെ യാത്ര തുടരും.

സംസ്ഥാന തലത്തിൽ വി.എച്ച്.എസ്‌.ഇ എൻ.എസ്‌.എസ്‌ ക്യാമ്പുകളിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രൊജക്ടുകൾക്ക് പുറമെയാണ് കണ്ടൽ ചെടികൾ നടീൽ, കാവ് ശുചീകരണം, കാവിനുള്ളിൽ കനിമരങ്ങൾ നടൽ, തരിശു നിലം കൃഷി യോഗ്യമാക്കൽ എന്നീ പ്രവർത്തനങ്ങളും നടത്തുന്നത്. സ്കൂൾ പ്രിൻസിപ്പൽ പി. സീമ, പ്രോഗ്രാം ഓഫീസർ വി.കെ രാജേഷ്, അദ്ധ്യാപകരായ ടി. സുജിത, ആതിര, സ്റ്റാഫ് സെക്രട്ടറി ജീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

എൻ.എസ്.എസ് ക്യാമ്പംഗങ്ങൾ

അടുക്കളത്തോട്ടം നിർമ്മിച്ചു

തൃക്കരിപ്പൂർ: പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടക്കാവ് കോളനിയിലെ 25 വീടുകളിൽ അടുക്കളത്തോട്ടമൊരുക്കി. തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ നടക്കുന്ന 'വെളിച്ചം' ക്യാമ്പിലെ രണ്ടാം ദിനത്തിലാണ് ഹരിത സംസ്കൃതി പരിപാടിയുടെ ഭാഗമായാണ് തിരഞ്ഞെടുത്ത വീടുകളിൽ നിലമൊരുക്കി വഴുതിന, വെണ്ട, തക്കാളി, പച്ചമുളക്, പയർ തുടങ്ങിയ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചത്.

അടുക്കള തോട്ടമൊരുക്കുന്നതിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ഇ.പി. പ്രകാശൻ നിർവഹിച്ചു. പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ പദ്ധതി വിശദീകരിച്ചു. ബിനേഷ് മുഴക്കോം, എ.വി. രാഹുൽ, കെ. ആരതി, ടി.കെ.എം. അഹമ്മദ് ഷെറീഫ്, മുഹമ്മദ് ഷാനിദ്, പി.സി.സജു, എൻ. സുബൈദ എന്നിവർ നേതൃത്വം നൽകി.