കാഞ്ഞങ്ങാട്: വലിയൊരു പ്രദേശത്തെ യാത്രാ ക്ലേശത്തിനു പരിഹാരമായ കെ.എസ്.ആർ.ടി.സി ബസ് ഓട്ടം മുടങ്ങിയിട്ട് 3 വർഷം. കാഞ്ഞങ്ങാട് നിന്നും മൂന്നാം മൈൽ - പറക്കളായി - അയ്യങ്കാവ് - എണ്ണപ്പാറ വഴി കാലിച്ചാനടുക്കത്തേക്ക് ഓടിക്കൊണ്ടിരുന്ന ബസാണ് ഓട്ടം അനിശ്ചിത കാലത്തേക്ക് മുടങ്ങിയത്.
കാലിച്ചാനടുക്കം, തായന്നൂർ, എണ്ണപ്പാറ, അയ്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മറ്റു ആരോഗ്യ സ്ഥാപനങ്ങളിൽ പോകുന്ന രോഗികൾ, മറ്റു ഗവ: സ്ഥാപനങ്ങൾ, കാലിച്ചാനടുക്കം, തായന്നൂർ, അമ്പലത്തറ, മാവുങ്കാൽ , കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, അതുപോലെ തന്നെ പി.എൻ. പണിക്കർ ആയുർവേദ മെഡിക്കൽ കോളേജ്, പറക്കളായി യു.പി.സ്കൂൾ , എണ്ണപ്പാറ എഫ്.എച്ച്.സി, തായന്നുർ സർവ്വീസ് സഹകരണ ബേങ്ക്, കാലിച്ചാനടുക്കം ഗ്രാമീണ ബേങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ പോകേണ്ട ജനങ്ങൾക്ക് ഈ സർവ്വീസ് ഏറെ ഉപകാരപെട്ടതായിരുന്നു.
പട്ടികജാതി-പട്ടിക വർഗ്ഗക്കാർ, സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശമായതിനാൽ ബസ് റൂട്ട് പുന:രാരംഭിച്ചാൽ ഏറെ ഉപകാരപ്പെടും. നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ ഈ കാര്യം പ്പെടുത്തിയെങ്കിലും സർവ്വീസ് പുനരാരംഭിക്കാൻ തയ്യാറായിട്ടില്ല.
സി.പി.എം ഡിപ്പോ മാർച്ച് ഇന്ന്
വളരെ പ്രധാനപ്പെട്ട ഈ ആവശ്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തായന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇന്ന് രാവിലെ 10 മണിക്ക് ചെമ്മട്ടംവയലിലെ കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്ക് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും.