കണ്ണൂർ: സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സ്കീമിൽ ഉൾപ്പെടുത്തി എസ്.എൻ കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്ളഡ് ലൈറ്റ് ഇൻഡോർ സ്റ്റേഡിയം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഡോ.കെ.അജയകുമാർ അറിയിച്ചു. എസ്.എൻ ട്രസ്റ്ര് ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും.
മുഖ്യാതിഥി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്ളഡ് ലൈറ്റും ബാഡ്മിന്റൺ കോർട്ട് മേയർ ടി.ഒ മോഹനനും റെസ്റ്റ് റൂം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും ഇൻഡോർ സ്റ്റേഡിയം ഓഫീസ് കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷും ഉദ്ഘാടനം ചെയ്യും.
യു.ജി.സി അനുവദിച്ച 70 ലക്ഷവും കോളേജ് മാനേജ്‌മെന്റ്,പി.ടി.എ തുടങ്ങിയവർ ചേർന്ന് സമാഹരിച്ച തുകയുമുൾപ്പെടെ 2 കോടിക്കാണ് സ്റ്റേഡിയം നിർമ്മിച്ചത്. 36 മീറ്റർ നീളവും 24 മീറ്റർ വീതിയും 12.5 മീറ്റർ ഉയരവുമുള്ള സ്റ്റേഡിയത്തിൽ 4 ബാഡ്മിന്റൺ കോർട്ടുകൾ, ഓരോ വോളിബോൾ, ബാസ്ക്കറ്റ്ബാൾ കോർട്ടും ടേബിൾ ടെന്നീസ്, ജൂഡോ, റസ്‌ലിംഗ് പരിശീലനത്തിനും മത്സരത്തിനുമുള്ള സൗകര്യവുമുണ്ട്. ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അരയാക്കണ്ടി സന്തോഷ് തുടങ്ങിയവർ പങ്കെടുക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ഒ.ജയകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി. ജയരാജൻ, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.കെ.പി.പ്രശാന്ത്,ഓഫീസ് സൂപ്രണ്ട് കെ.പ്രകാശൻ, പബ്ളിസിറ്റി കൺവീനർ ശ്രീനിഷ് ടി.വി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.എം.ബി. ഷനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.