cuni

ദേശീയ, അന്തർദ്ദേശീയ തലത്തിൽ പ്രശസ്തരായ 24 ശാസ്ത്രജ്ഞന്മാർ പ്രബന്ധം അവതരിപ്പിക്കും

കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാലയിൽ ജനുവരി രണ്ടുമുതൽ നാലു വരെ ഫംഗ്ഷണൽ മെറ്റീരിയൽസ് ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി എന്ന വിഷത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫിസിക്സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സർവ്വകലാശാല ക്യാമ്പസിലെ നാല് വേദികളിലായാണ് നാനോടെക്‌നോളജിയുടെ സാദ്ധ്യതകൾ സംബന്ധിച്ച കോൺഫറൻസ് നടക്കുന്നത്.

ദേശീയ, അന്തർദ്ദേശീയ തലത്തിൽ വിഖ്യാതരായ 24 ശാസ്ത്രജ്ഞന്മാർ പ്രബന്ധം അവതരിപ്പിക്കും. റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജപ്പാൻ, പോർച്ചുഗൽ, ചെക് റിപ്പബ്ലിക്, യുകെ, യുഎസ്എ, കാനഡ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതിനാലോളം ശാസ്ത്രജ്ഞർ പങ്കെടുക്കും. ജനുവരി രണ്ടിന് രാവിലെ 10 ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വർലു കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.

കാർബൻ നാനോ ട്യൂബ് സംബന്ധമായ ഗവേഷണത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടിയ യു.എസ്.എ റൈസ് യൂണിവേഴ്സിറ്റി പ്രൊഫസർ മലയാളിയായ അജയൻ പുളിക്കൽ സംസാരിക്കും. മൂന്ന് ദിവസങ്ങളിലായി വിവിധ സ്ഥാപനങ്ങളിലെ ഇരുനൂറോളം ഗവേഷണ വിദ്യാർത്ഥികൾ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കും. മെറ്റീരിയൽസ് സയൻസ് മേഖലയിലെ തൊഴിൽ അവസരങ്ങൾ സംബന്ധിച്ച് സമാന്തര സെഷനും നടക്കും. വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ പ്രൊഫ.സ്വപ്ന എസ്. നായർ, ജോയിന്റ് കൺവീനർ പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, കമ്മറ്റി മെമ്പർ പ്രൊഫ.എ.ശക്തിവേൽ, പി. ആർ.ഒ കെ.സുജിത് എന്നിവർ പങ്കെടുത്തു.