bekal

കാസർകോട് :ജനമേറ്റെടുത്ത ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സമാപനത്തിലേക്ക്. കാസർകോട് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് ബേക്കലിൽ എത്തിയതെന്ന് സംഘാടകർ പറഞ്ഞു. ബീച്ച് ഫെസ്റ്റ് നീട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം ജനുവരി രണ്ടിന് മേള സമാപിക്കുമെന്നും ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം പോലെ വരും വർഷങ്ങളിൽ ബേക്കൽ ഫെസ്റ്റ് തുടരും.

ആദ്യമായി നടത്തിയതിന്റെ പോരായ്മകൾ തിരുത്തിയാകും അടുത്ത വർഷം മുതൽ ഏറ്റെടുക്കുന്നതെന്നും എം.എൽ.എ അറിയിച്ചു. കർണ്ണാടകയിൽ നിന്നുവരെ ആളുകൾ ഫെസ്റ്റിലേക്ക് ഒഴുക്കിയെത്തി. ഒരു കോടിയോളം രൂപയുടെ ടിക്കറ്റ് വിറ്റഴിച്ച കുടുംബശ്രീ പ്രവർത്തകരും മേള വിജയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ആസ്മി ഹോളിഡേയ്‌സിന്റെ നേതൃത്വത്തിൽ നാല് പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനയുടെ 100 പ്രവർത്തകർ ആണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഉള്ളത്.

മേളയിൽ എത്താൻ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽ പെടുമായിരുന്ന അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുന്നതിനിടെ പരിക്ക് പറ്റിയ സിവിൽ പൊലീസ് ഓഫീസർ ഇരിയണ്ണി സ്വദേശി വി.സജേഷ്, ഫെസ്റ്റിവൽ നഗരിയിൽ വെച്ചു പരിക്കേറ്റ സംഘാടക സമിതി പ്രവർത്തകൻ അബ്ദുൽ ബഷീർ എന്നിവരുടെ ചികിത്സ ചിലവ് സംഘാടകസമിതി വഹിക്കുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. ബി.ആർ.ഡി.സി എം.ഡി പി.ഷിജിൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, ഹക്കിം.കുന്നിൽ, കെ.ഇ. എ. ബക്കർ, ടി. ടി. സുരേന്ദ്രൻ, ആസ്മി എം ഡി യു. കെ കുഞ്ഞബ്ദുള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.