
കൂത്തുപറമ്പ് : എൺപത് ഏക്കറിൽ നട്ടുപിടിപ്പിച്ച രണ്ടരലക്ഷത്തിൽപ്പരം മുളക് ചെടികൾ വിളവ് നൽകിത്തുടങ്ങിയതോടെ കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ റെഡ് ചില്ലീസ് ലക്ഷ്യത്തിലേക്ക്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൗജന്യമായി വിതരണം ചെയ്ത ഹൈബ്രിഡ് മുളക് തൈകളാണ് മികച്ച വിളവ് നൽകുന്നത്. ഏഴ് കൃഷിഭവനുകളിലെ ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു ശാസ്ത്രീയമായ കൃഷി.മാങ്ങാട്ടിടം പഞ്ചായത്തിൽ മാത്രം 35 ഏക്കർ സ്ഥലത്താണ് റെഡ് ചില്ലി കൃഷി ചെയ്യുന്നത്. കൂത്തുപറമ്പ് നഗരസഭ, പാട്യം,തൃപ്പങ്ങോട്ടൂർ, കുന്നോത്തുപറമ്പ്, ചിറ്റാരിപറമ്പ്, കോട്ടയം എന്നീ പഞ്ചായത്തുകളിലും കൃഷിയിലുണ്ട്.
തുടക്കം മുതൽ ശാസ്ത്രീയരീതി അവലംബിച്ചതിനാൽ നല്ല വിളവ് ലഭിച്ചതെന്ന് കർഷകരും സാക്ഷ്യപ്പെടുത്തുന്നു. സാധാരണ മുളകുകൃഷിയെ ബാധിക്കുന്ന വാട്ടരോഗമോ വെള്ളീച്ചയോ ഇവിടെ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. മണ്ണുവിള ആരോഗ്യപദ്ധതിപ്രകാരം കുമ്മായവും ഇവരെ തുണച്ചു. സാധാരണഗതിയിൽ എല്ലാ ഹൈബ്രിഡ് ഇനങ്ങളും ഈ കാലാവസ്ഥയിൽ ശരിയായ വളർച്ചയോ ഉൽപാദനമോ കാ ണിക്കാറില്ല. ഇതിൽനിന്നും വിഭിന്നമായി ആർമർ, സർപ്പൺ 92 തൈകൾ നട്ടുപിടിപ്പിച്ചത് ഫലം കണ്ടു. വരുംവർഷങ്ങളിൽ കുടുതൽ സ്ഥലത്ത് റെഡ് ചില്ലീസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.
വരുന്നു കൂത്തുപറമ്പിന്റെ സ്വന്തം മുളക്
മുളക് ഉണക്കി എടുക്കുന്നതോടെ മാങ്ങാട്ടിടത്തെ ഫ്രഷ്ഡ് കൂട്ടായ്മയുടെ ഡ്രയറിൽ റെഡ് ചില്ലീസ് പൊടിച്ചെടുത്ത് വിപണിയിലെത്തിക്കും. മായമില്ലാത്ത മുളകുപൊടി എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.