
തളിപ്പറമ്പ്: കനത്ത നഷ്ടം നേരിടുകയാണ് കണ്ണൂരിലെ കൈത്തറി വ്യവസായം. എന്നാൽ തളിപ്പറമ്പ് ,മയ്യിൽ, മൊറാഴ ,കല്യാശ്ശേരി നെയ്ത്തു സംഘങ്ങൾ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ കീഴടങ്ങില്ലെന്ന വാശിയിലാണ് . തളിപ്പറമ്പ് നിയോജകമണ്ഡലം ഹാപ്പിനസ് ഫെസ്റ്റിൽ ശ്രദ്ധേയമായ ചുവടുവെപ്പാണ് കൈത്തറി സംഘങ്ങൾ നടത്തിയിരിക്കുന്നത്.
നീണ്ട പാരമ്പര്യമുള്ള ഈ സ്ഥാപനങ്ങൾക്ക് നഷ്ടക്കണക്കാണ് പറയാനുള്ളത് .കണ്ണൂർ ജില്ലയിലെ ആദ്യവീവേഴ്സ് സൊസൈറ്റിയായി തളിപ്പറമ്പ് വീവേഴ്സ് 1938ലാണ് പ്രവർത്തനമാരംഭിക്കുന്നത് . 1965 ൽ മൊറാഴയിലും 1967 ൽ കല്യാശ്ശേരിയിലും 1979 ൽ മയ്യിലിലും സൊസൈറ്റി പ്രവർത്തനം തുടങ്ങി. ഷർട്ട്പീസ്, ബെഡ്ഷീറ്റ് , ചവിട്ടികൾ, സാരി , ദോത്തീസ് തുടങ്ങിയവയാണ് ഇവിടങ്ങളിൽ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.
കല്യാശേരി വിവേഴ്സിൽ 200 തൊഴിലാളികളാണുള്ളത്. മൊറാഴ വീവേഴ്സിൽ 185 പേരും മയ്യിൽ വീവേഴ്സിൽ 120 ഓളം പേരും തളിപ്പറമ്പ് വിവേഴ്സിൽ 40 ഓളം പേരും. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കൈത്തറി എന്ന വ്യാജേന വിറ്റഴിക്കപ്പെടുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരക്കുറവും അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കണം കൈത്തറിക്ക്. തൊഴിൽ ഉറപ്പു വരുത്തുവാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച സ്കൂൾ കൈത്തറി യൂണിഫോം പദ്ധതി വലിയ സഹായമായെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ ഇതുകൊണ്ടൊന്നും സംഘങ്ങൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ ആയിട്ടില്ല.
എന്നാൽ ഹാപ്പിനസ്സ് ഫെസ്റ്റിവലിൽ എത്തിയ തൊഴിലാളികളെല്ലാം സന്തോഷത്തിലാണ്. തങ്ങളുടെ ഉൽപന്നങ്ങൾ നന്നായി വിറ്റഴിക്കപ്പെടുന്നതിനാലാണിത്. കണ്ണൂരിലെ തനത് കൈത്തറികൾക്ക് പുറമേ തൃശ്ശൂരിലെ കുത്താമ്പളി നെയ്ത്തു ഗ്രാമത്തിലെ സ്റ്റാളും എക്സിബിഷനിലുണ്ട്.