
പയ്യന്നൂർ: എൻ.ഐ.എ റെയ്ഡിന് പിന്നാലെ നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹർത്താലിൽ പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച പി.എഫ്.ഐ ഏരിയാ പ്രസിഡന്റ് രാമന്തളി വടക്കുമ്പാട് സ്വദേശി മുഹമ്മദ് അബ്ദുല്ലയെ(31) പയ്യന്നൂർ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറത്ത് നിന്നാണ് ഈയാളെ പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 23ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പയ്യന്നൂർ ടൗണിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തടയുകയും കൈയ്യാങ്കളിയിലെത്തുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അന്ന് നാലുപേരെ പിടികൂടിയെങ്കിലും മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. അതിനിടയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തെതിയ പയ്യന്നൂർ ഡി.വൈ.എസ്.പി. ,കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് അബ്ദുല്ലയെ പിടികൂടിയത്. കോടതിയുത്തരവ് മറികടന്ന് കലാപം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള സംഘം ചേരൽ, പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. പയ്യന്നൂരിലെത്തിച്ച മുഹമ്മദ് അബ്ദുല്ലയെ കോടതി റിമാൻഡ് ചെയ്തു.