julimathew

ചെറുപുഴ( കണ്ണൂർ): കാസർകോട്ടെ മലയോര ഗ്രാമമായ ഭീമനടിയുടെ മരുമകളും തിരുവല്ല സ്വദേശിയുമായ ജൂലിമാത്യു (42) ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി മൂന്നാം നമ്പർ കോർട്ടിൽ രണ്ടാമതും ജഡ്ജിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 8.30ന് ഭീമനടിയിലെ വീട്ടിലിരുന്നാണ് ചുമതലയേൽക്കുന്നത്.

കൗണ്ടി കോർട്ടിലെ ഏക വനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലേക്ക് നവംബർ എട്ടിന് നടന്ന തിരഞ്ഞെടുപ്പിൽ 3,500 വോട്ടിനായിരുന്നു ജൂലിയുടെ വിജയം. പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളം സ്വദേശി തോമസ് ഡാനിയൽ-സൂസമ്മ ദമ്പതികളുടെ മകളായ ജൂലി 1980ലാണ് സഹോദരൻ ജോൺസണൊപ്പം അമേരിക്കയിലെത്തുന്നത്.

ഫിലാഡൽഫിയയിൽ എത്തിയ ജൂലി അവിടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പെൻസ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് അണ്ടർ ഗ്രാജുവേറ്റ് ബിരുദം നേടി. പെൻ സ്റ്റേറ്റ് സർവ്വകലാശാല, ഡെലവൊർലോ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി. തുടർന്ന് 15 വർഷം അറ്റോർണിയായി പ്രവർത്തിച്ചു.

2018 ലാണ് ജൂലി ആദ്യമായി ജഡ്ജിയാകുന്നത്. അറ്റോർണിയായി പ്രവർത്തിച്ച കാലയളവിലെ മികവും മത്സരപരീക്ഷകളിലെ സ്കോറുമാണ് ഇവരെ ഈ സ്ഥാനത്തെത്തിച്ചത്. നാലു വർഷമാണ് കാലാവധി. കൗണ്ടി മൂന്നാം നമ്പർ കോർട്ടിൽ വെള്ളക്കാരിയല്ലാത്ത ആദ്യ ജഡ്ജിയാവും ജൂലി മാത്യു.

അമേരിക്കയിൽ ഇന്റീരിയർ ഡിസൈനിംഗ് കമ്പനി നടത്തുന്ന ജിമ്മി മാത്യുവാണ് ഭർത്താവ്. അലീന, എവ, സോഫിയ എന്നിവർ മക്കളാണ്.