ആലക്കോട്: പൊതു ഖജനാവിൽ നിന്നും കഴിഞ്ഞ 10 വർഷത്തിനിടെ 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് വൈതൽമല അടിവാരത്ത് മഞ്ഞപ്പുല്ലിൽ നിർമ്മിച്ച വനം വകുപ്പിന്റെ ഫെസിലിറ്റേഷൻ സെന്റർ നോക്കുകുത്തി. വൈതൽമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് ഏറ്റവും എളുപ്പത്തിൽ മലയിലെത്താനുള്ള സഞ്ചാരം പാതയാണ് കാപ്പിമല -മഞ്ഞപ്പുല്ല് റൂട്ട്. മഞ്ഞപ്പുല്ലിൽ വനാതിർത്തിയിലുള്ള പുൽമേട്ടിൽ വിനോദസഞ്ചാരികൾക്ക് താമസിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുമുള്ള സൗകര്യമൊരുക്കുന്നതിനായി നിർമ്മിച്ച കെട്ടിടം ഇന്ന് പ്രേതഭവനത്തിനോടുപമിക്കുന്നതിൽ തെറ്റില്ല.
കെട്ടിടം നിർമ്മിക്കാൻ 3 വർഷമെടുത്തു. കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ എടുക്കുന്നതിനും വയറിംഗ് ജോലികൾ പൂർത്തിയാക്കുന്നതിനുമായി വീണ്ടുമൊരു 3 വർഷമെടുത്തു. കെട്ടിടത്തിലേയ്ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി കുഴൽക്കിണർ നിർമ്മിക്കാൻ പിന്നെയും ഒരു വർഷം വേണ്ടിവന്നു. ഇത്രയുമൊക്കെ ചെയ്തിട്ടും കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുവാനുള്ള നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിനോ, ലോക പൈതൃക പദവി നേടിയിട്ടുള്ള പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി വിനോദസഞ്ചാരികൾക്ക് കണ്ടാസ്വദിക്കുന്നതിനോ ബന്ധപ്പെട്ടവർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.
പാസ് നല്കാനെങ്കിലും
ഉപയോഗിക്കാം
വനാതിർത്തിയിൽ വിനോദ സഞ്ചാരികൾക്ക് പാസ് നൽകുന്നതിനും മറ്റുമായി താൽക്കാലിക ജീവനക്കാരെ വാച്ചർമാരായി നിയമിച്ചിട്ടുണ്ടെങ്കിലും അവർക്കായി നിർമ്മിച്ചിട്ടുള്ള ഷെഡ് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടം ഉദ്ഘാടനം ചെയ്തു കഴിഞ്ഞാൽ വനപാലകർക്കെങ്കിലും ഉപകാരപ്പെടുമായിരുന്നു. എന്നാൽ പണം ചെലവാക്കണമെന്നല്ലാതെ പദ്ധതി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകണമെന്ന് ആർക്കാണ് നിർബന്ധമെന്നതാണ് സ്ഥിതി.