corp
corp.

@ മുൻ ബാങ്ക് മാനേജർ ഒളിവിൽ

കോഴിക്കോട്: കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും പഞ്ചാബ് നാഷണൽ ബാങ്ക് കൂടുതൽ തുക തട്ടിയതായി തെളിവ്. 14.5 കോടിയിലധികം നഷ്ടപ്പെട്ടതായി കോർപ്പറേഷൻ കണ്ടെത്തി. പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പിന്നീട് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയായിരുന്നു. ലിങ്ക് റോഡിലെ ശാഖയിലെ കുടുംബശ്രീയുടെ അടക്കം പണം ഇത്തരത്തിൽ സ്വന്തം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. പണം ആരുടെയെല്ലാം അക്കൗണ്ടുകളിലേക്കാണ് മാറ്രിയതെന്ന വിവരം ലഭ്യമല്ല.

ലിങ്ക് റോഡ് ശാഖയിലെ മുൻ മാനേജർ എം.പി. റിജിൽ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ 2.53 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് തിരിച്ചടച്ചിട്ടുണ്ട്.

ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിൽ തിരിമറി നടന്നത് ശ്രദ്ധയിൽപ്പെട്ട പുതിയ മാനേജർ സി.ആർ. വിഷ്ണുവാണ് ടൗൺ പൊലീസിൽ മുൻ മാനേജർ എം.പി. റിജിലിനെതിരെ പരാതി നൽകിയത്. മാനേജറും കോർപ്പറേഷനും നൽകിയ പരാതിയിൽ ടൗൺ പൊലീസ് മുൻ മാനേജർ എം.പി. റിജിലിനെതിരെ വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നിവ ചുമത്തിയാണ് കേസെടുത്തത്. അക്കൗണ്ട് രേഖകൾ പരിശോധിച്ച ശേഷം റിജിലിനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിൽ പൊലീസ് പരിശോധന നടത്തി.

അതേസമയം തട്ടിപ്പിനെതിരെ വിജിലൻസിനും റീജിനൽ ജോയിന്റ് ഡയറക്ടർക്കും കോർപ്പറേഷൻ യു.ഡി. എഫ് കൗൺസിലർമാർ പരാതി നൽകിയിട്ടുണ്ട്. കോർപ്പറേഷന്റെ ധനകാര്യ സ്ഥിതിയെക്കുറിച്ച് ധവള പത്രം ഇറക്കാൻ ഭരണസമിതി തയാറാകണമെന്നും വിഷയത്തിൽ അടിയന്തര കൗൺസിൽ വിളിക്കണമെന്നും ആവശ്യപ്പെട്ട് മേയർക്ക് കത്ത് നൽകുകയും ചെയ്തു.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് നൽകിയ നിർദ്ദേശം കോർപ്പറേഷൻ പാലിച്ചില്ലെന്നും കണ്ടെത്തി.ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജർ എം.പി. റിജിൽ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോർപറേഷൻ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കോർപ്പറേഷൻ ബാങ്കിനെ സമീപിച്ചപ്പോൾ പണമില്ലെന്ന് കണ്ടെത്തുകയായിരുന്നു. അതേ സമയം ബാങ്ക് മാനേജർ റിജിൽ ഇപ്പോഴും ഒളിവിലാണ്.