 
@ സൗജന്യ മെൻസ്ട്രൽ കപ്പ് പദ്ധതിയുമായി മൂടാടി പഞ്ചായത്ത്
കോഴിക്കോട്: ആർത്തവകാലത്തെ ബുദ്ധിമുട്ടുകളകറ്റാൻ 'അവളെ' ചേർത്തുപിടിച്ച് മൂടാടി പഞ്ചായത്തും. നാപ്‌കിനുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന ‘മെൻസ്‌ട്രൽ കപ്പു’കളുടെ ഉപയോഗം പഞ്ചായത്തിൽ വ്യാപകമാക്കാൻ ഒരുങ്ങുകയാണ് മൂടാടി പഞ്ചായത്ത്.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, ചെറുകിട സ്ഥാപനങ്ങളിലും മറ്റുമുള്ള സ്ത്രീ തൊഴിലാളികൾ തുടങ്ങി 166 പേർക്കാണ് ആദ്യഘട്ടത്തിൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. അഞ്ചു മുതൽ പത്തു വർഷം വരെ ഇത് ഉപയോഗിക്കാം.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ മൂടാടി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമസഭകൾ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ 50000 രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിയിരിക്കുന്നത്. അപേക്ഷിക്കുന്ന എല്ലാവർക്കും മെൻസ്ട്രൽ കപ്പ് നൽകാനാണ് തീരുമാനം.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആർത്തവ കാലത്തെ പ്രയാസങ്ങൾ മനസിലാക്കി അവരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയിൽ നിന്നാണ് മെൻസ്ട്രൽ കപ്പ് എന്ന ആശയത്തിന്റെ ഉദയം. മൂടാടി പഞ്ചായത്തിലെ വനിതാ പ്രതിനിധികൾ നിർദ്ദേശം മുന്നോട്ടുവെച്ചപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒറ്റമനസോടെ ഏറ്റെടുക്കുകയായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി കപ്പുകളുടെ ഉപയോഗം, സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങളിൽ സ്ത്രീകൾക്ക് ബോധവത്കരണ ക്ലാസുകളും ശിൽപ്പശാലയും സംഘടിപ്പിച്ചു.
'' ആർത്തവ സമയങ്ങളിൽ സ്ത്രീകൾ വല്ലാത്ത പ്രയാസമാണ് അനുഭവിക്കുന്നത്. അതിന് ചെറിയൊരു പരിഹാരം എന്ന നിലയിലാണ് പദ്ധതി കൊണ്ടു വന്നത്. നാപ്കിൻ ഫ്രീ പഞ്ചായത്താണ് ലക്ഷ്യം. സി.കെ ശ്രീകുമാർ, പ്രസിഡന്റ്, മൂടാടി ഗ്രാമപഞ്ചായത്ത്
''ജനുവരിയിൽ രണ്ടാമത്തെ ബോധവത്കരണ ക്ലാസ് നടക്കും. അന്ന് അപേക്ഷിച്ച സ്ത്രീകൾക്ക് കപ്പ് വിതരണം ചെയ്യും'' . ഡോ.ജീന, മെഡിക്കൽ ഓഫീസർ, മൂടാടി കുടുംബാരോഗ്യ കേന്ദ്രം.