iim
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്‌കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെയും ചേർന്ന് കോഴിക്കോട് ഐ.ഐ.എമ്മിൽ സംഘടിപ്പിച്ച 'ശ്രുതി അമൃത്' കലാപരിപാടിയിൽ പുല്ലാങ്കുഴൽവിദ്വാൻ ഹരിപ്രസാദ് ചൗരസ്യയുടെ ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ കച്ചേരി.

കോഴിക്കോട്: ഐ.ഐ.എമ്മിനെ മൂന്നുനാൾ സംഗീത സാന്ദ്രമാക്കിയ 'ശ്രുതി അമൃത്' കലാപരിപാടിക്ക് സമാപനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്‌കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെയും ചേർന്ന് കോഴിക്കോട് ഐ.ഐ.എമ്മിൽ സംഘടിപ്പിച്ച 'ശ്രുതി അമൃത്' കലാപരിപാടിയിൽ കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

അവസാന ദിവസമായ ഇന്നലെ പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ ഹരിപ്രസാദ് ചൗരസ്യയുടെ ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ കച്ചേരി അരങ്ങേറി. തബല വിദ്വാൻ രാം കുമാർ മിശ്രയ്ക്കൊപ്പമാണ് പുല്ലാങ്കുഴൽ കച്ചേരി നടന്നത്. സദസിനെ സംഗീതത്തിന്റെ വേറിട്ട തലത്തിൽ എത്തിച്ച പ്രകടനമായിരുന്നു ഇത്.

ആദ്യ ദിനമായ വെള്ളിയാഴ്ച പ്രമുഖ കലാകാരൻ സൂരജ് നമ്പ്യാരുടെ കൂടിയാട്ടവും വാർസി സഹോദരന്മാരുടെ ഖവാലിയും അരങ്ങേറിയിരുന്നു. ശനിയാഴ്ച പ്രമുഖ കർണാടിക് സംഗീതജഞ എസ്.സൗമ്യയുടെ കർണാടിക് കച്ചേരിയും ഉസ്താദ് ബഹാഉദ്ദീൻ ഡാഗറിന്റെ രുദ്രവീണ അവതരണവുമുണ്ടായി.