
കോഴിക്കോട് കോർപ്പറേഷന് നഷ്ടമായത് 12.6 കോടി
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ നടന്നത് 21. 29 കോടിയുടെ തിരിമറിയെന്ന് ക്രൈംബ്രാഞ്ച്. ജില്ല ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നലെ ബാങ്കിൽ നടന്ന പരിശോധനയിലാണ് തിരിമറി സംബന്ധിച്ച് കൂടുതൽ തെളിഞ്ഞത്.
ബാങ്കിലെ സീനിയർ മാനേജരായ എം.പി റിജിൽ 17 അക്കൗണ്ടുകളിൽ തിരിമറി നടത്തിയതായാണ് കണ്ടെത്തൽ. മൊത്തം 12.68 കോടി രൂപ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതിൽ 12.6 കോടിയും കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്നാണ്. റിജിലിന് അക്കൗണ്ട് ഉണ്ടായിരുന്ന ആക്സിസ് ബാങ്കിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഓൺലൈൻ റമ്മി കളിക്കാനും സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാനുമാണ് ഇയാൾ പണം ഉപയോഗപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച കൂടുതൽ പരിശോധന ഇന്ന് നടക്കും. അതേസമയം റിജിലിന്റെ അക്കൗണ്ടിൽ ആയിരം രൂപ മാത്രമാണുള്ളത്. ബാങ്ക് നടത്തിയ പ്രാഥമിക ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ട് ക്രൈംബ്രാഞ്ച് പരിശോധിച്ചു. സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നിട്ടുണ്ട്. 15.24 കോടി നഷ്ടമായെന്ന കണക്ക് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് തിരുത്തി. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണിത്. ഇനി ബാങ്കിൽ നിന്ന് 10.8 കോടി രൂപ തിരിച്ചു കിട്ടാനുണ്ടെന്ന് മേയർ പറഞ്ഞു. 12 ലക്ഷം രൂപയുടെ തിരിമറി കൂടി നടന്നതായി സംശയിക്കുന്നതായി കോർപ്പറേഷൻ ബാങ്കിനെ അറിയിച്ചു.
റിജിലിന്റെ ജാമ്യഹർജിയിൽ വിധി 8ന്
@ 11 കോടി റിജിൽ ഇട്ടത് സ്‌റ്റോക്മാർക്കറ്റിൽ, ഓൺലൈൻ റമ്മികളി വിനോദം
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പണം തട്ടിയ മുൻ സീനിയർ മാനേജർ പണമൊഴുക്കിയ വഴികളിലൂടെ ക്രൈംബ്രാഞ്ച് സംഘം. നിലവിൽ റിജിൽ തിരിമറി നടത്തിയ 21.29 കോടിയിൽ 11 കോടിയും പോയത് സ്‌റ്റോക്മാർക്കറ്റ് നിക്ഷേപത്തിലൂടെയെന്ന് ക്രൈബ്രാഞ്ച് എ.സി.ടി.എ ആന്റണി. ഇതിൽ 12.68 കോടിയാണ് റിജിൽ കൈക്കലാക്കിയത്. ബാക്കി വരുന്ന തുക വിവിധ അക്കൗണ്ടുകളിലൂടെയായി തിരിച്ചിട്ടതായും ക്രൈംബ്രാഞ്ച് . സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാട് കഴിഞ്ഞാൽ പിന്നെ റിജിലിന്റെ പ്രധാന വിനോദം ഓൺലൈൻ റമ്മിയായിരുന്നു. ഇതിലൂടെയും കോടികൾ മറിഞ്ഞതായും അതുസംമ്പന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈബ്രാഞ്ച് വ്യക്തമാക്കി. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നതായിരുന്നു കോഴിക്കോട് മലയമ്മ സ്വദേശിയായ റിജിലിന്റെ കുടുംബം. കഴിഞ്ഞ ഒന്നരവർഷംകൊണ്ടാണ് നിലവിലെ വീടിന് സമീപത്തായി ഇയാൾ പുതിയ ഇരുനില വീടിന്റെ പണി തുടങ്ങിയത്. വീട് നിർമ്മാണത്തിനായി ലോണെടുത്തെങ്കിലും ഈ കാലയളവിൽ തന്നെയാണ് കോടികളുടെ തട്ടിപ്പും നടത്തിയത്. കഴിഞ്ഞ എട്ടുവർഷമായി പഞ്ചാബ് നാഷണൽ ബാങ്കിലെ ജീവനക്കാരനാണ്. അതിനിടെ ഇത്രയും വലിയൊരു തട്ടിപ്പ് രംഗത്തേക്ക് വന്നതിന് പിന്നിൽ മറ്റേതെങ്കിലും സംഘമുണ്ടോയെന്ന് പരിശോധിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി എട്ടിന് വിധി പറയും. അതേസമയം പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും തട്ടിപ്പിൽ കൂടുതൽ പേരുണ്ടെന്നും സൂചന നൽകുന്നതായിരുന്നു റിജിലിന്റെ വാദം. സ്ഥലം മാറിയ ശേഷമാണ് ലിങ്ക് റോഡ് ശാഖയിൽ തട്ടിപ്പ് നടന്നതെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. തട്ടിപ്പ് പുറത്തുവന്നതിന് ശേഷം 29മുതൽ റിജിൽ ഒളിവിലാണ്. റിജിലിന്റെ മൊബൈൽഫോണും പോകാൻ സാധ്യതയുള്ള ഇടങ്ങളും അന്വേഷണ പരിധിയിലാണെന്നും അടുത്ത ദിവസം തന്നെ അറസ്റ്റുണ്ടാകുമെന്നും ക്രൈബ്രാഞ്ച് പറഞ്ഞു.