വടകര: അഴിയൂരിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ രാസലഹരി നൽകി അടിമയാക്കി കാരിയറാക്കിയ സംഭവത്തിൽ പ്രതികളെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പൊലീസിൽ ലഹരി മാഫിയക്കെതിരെ മൊഴി നൽകിയത്. സ്‌കൂളിലെ കബഡി ടീമംഗവും എസ്.പി.സി കേഡറ്റുമായ പെൺകുട്ടിയെ ശാരീരികക്ഷമത വർദ്ധിപ്പിക്കാനെന്ന് പറഞ്ഞ ഒരു സ്ത്രീയാണ് മയക്കുമരുന്ന് അടങ്ങിയ ബിസ്‌കറ്റ് നൽകിയതെന്നാണ് പെൺകുട്ടി പറയുന്നത്. പിന്നീട് ഇവരും കൂടെയുള്ളവരും ചേർന്ന് മയക്കുമരുന്നുകൾ ഇഞ്ചക്ഷനായും പൊടിയായും മറ്റും നൽകി. മറ്റ് കുട്ടികളെയും മയക്കുമരുന്ന് വിതരണം ചെയ്യാനായി തലശ്ശേരിയിൽ കൊണ്ടുപോയതായും പെൺകുട്ടി മൊഴിനൽകി. തലശേരിയിലെ മാൾ, ബീച്ച്, പാർക്ക് എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിറ്റതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അദ്‌നാൻ എന്നയാളാണ് ഇതിന്റെ സൂത്രധാരനെന്നും മൊഴിയിലുണ്ടായിരുന്നു. ഇതനുസരിച്ച് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൊഴിപ്രകാരം ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തി. അതേസമയം പെൺകുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുള്ളതിനാലാണ് ജാമ്യം നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് കേസ്
ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു
വടകര: അഴിയൂരിൽ സ്‌കൂൾ വിദ്യാർത്ഥിയ്ക്ക് മയക്ക്മരുന്നു ലോബിക്ക് അടിമപ്പെട്ട വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നം നിസാരവൽക്കരിക്കാനുള്ള പൊലിസ് ശ്രമം അവസാനിപ്പിക്കണമെന്നും പ്രതികളെക്കുറിച്ച് അറിഞ്ഞിട്ടും ചിലരുടെ താൽപര്യത്തിന് വഴങ്ങി കേസ് തേച്ച് മായ്ക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും മുന്നണി നേതാക്കൾ പറഞ്ഞു. കോട്ടയിൽ രാധാകൃഷ്ണൻ, ഹാരിസ് മുക്കാളി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, വി.പി പ്രകാശൻ, കെ.പി രവിന്ദ്രൻ, സോമൻ കൊളരാട് തുടങ്ങിയവർ വടകര ഡിവൈ എസ്.പിയെ കണ്ട് പ്രശ്‌നം ധരിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.അഴിയൂരിൽ വിദ്യാർത്ഥിയ്ക്ക് ലഹരിനൽകി വിതരണത്തിന് ഉപയോഗിച്ച പ്രതിയെ ചോമ്പാൽ പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി പൊലിസ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.വി.പി ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഷംസീർ ചോമ്പാല അദ്ധ്യക്ഷനായി. സാലിം അഴിയൂർ വിഷയാവതരണം നടത്തി. കെ.കെ ബഷീർ, സൈനുദ്ധീൻ പ്രസംഗിച്ചു.
ലഹരിസംഘത്തിനെതിരെ സമഗ്രാന്വേഷണം നടത്തണം; കെ.കെ രമ
വടകര: ലഹരിമാഫിയസംഘം ലഹരി ഉപയോഗവും വിതരണവും നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ.രമ എം.എൽ.എ. ഈ കുട്ടിമാത്രമല്ല ഇതേ സ്‌കൂളിലുള്ള മറ്റ് കുട്ടികളും ഇത്തരത്തിൽ ഈ ചതിക്കുഴിയിൽ അകപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിക്കണം. രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകിയപ്പോൾ പോക്സോ കേസ് എടുത്തിട്ടുപോലും പ്രതിയാക്കപ്പെട്ടയാളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതുസംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിനോടും, റൂറൽ എസ്.പിയോടും ആവശ്യപ്പെട്ടതായും കെ.കെ രമ അറിയിച്ചു.