
വടകര: അഴിയൂരിൽ എട്ടാംക്ലാസുകാരിയെ ലഹരി നൽകി കാരിയറാക്കിയ കേസിലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്കൂൾ കബഡി ടീം അംഗവും എസ്.പി.സി കേഡറ്റുമായ കുട്ടിക്ക് ശാരീരിക ക്ഷമതയില്ലെന്നു പറഞ്ഞാണ് സംഘം മയക്കുമരുന്ന് അടങ്ങിയ ബിസ്‌കറ്റ് നൽകി വലയിലാക്കിയത്. പിന്നീട് ഇഞ്ചക്ഷനായും പൊടിയായുമൊക്കെ നൽകി കുട്ടിയെ ലഹരിക്ക് അടിമയാക്കുകയായിരുന്നു. ഇതിൽ സ്ത്രീകളും പങ്കാളികളാണെന്ന് കുട്ടി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. മയക്കുമരുന്ന് വിതരണം ചെയ്യാനായി തലശ്ശേരിയിൽ കൊണ്ടുപോയതായും പെൺകുട്ടി മൊഴിനൽകി. തലശേരിയിലെ മാൾ, ബീച്ച്, പാർക്ക് എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിറ്റതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. അദ്നാൻ എന്നയാളാണ് സൂത്രധാരനെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തി. പെൺകുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുള്ളതിനാലാണ് ജാമ്യം നൽകിയതെന്നാണ് പൊലീസ് പറയുന്നത്.