 
കോഴിക്കോട്: സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് പ്രഥമ ദേശീയ സമ്മേളനം 15 മുതൽ 18 വരെ വെള്ളിമാട്കുന്ന് പാസ്റ്ററൽ മിനിസ്റ്റീരിയൽ ഓറിയന്റേഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദക്ഷിണേഷ്യയിലെ കർഷക പ്രസ്ഥാനങ്ങൾ, തൊഴിലാളി സംഘടനകൾ, പരിസ്ഥിതി ജനകീയ മുന്നേറ്റങ്ങൾ, ആദിവാസി സംഘടനകൾ, ശാസ്ത്രജ്ഞർ, അക്കാദമിക്കുകൾ എന്നിവർ ചേർന്നുള്ള വിശാല സഖ്യമാണ് 2019ൽ ഹൈദരാബാദിൽ രൂപവത്കരിച്ച സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് .
നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ദിവസേന അക്കാദമിക്കുകളും ആക്ടിവിസ്റ്റുകളും ചേർന്നുള്ള റൗണ്ട് ടേബിൾ കോൺഫറൻസ് നടക്കും. 17ന് വൈകുന്നേരം ഏഴിന് രാഷ്ട്രീയ പാർട്ടി നേതാക്കളും ശാസ്ത്രജ്ഞരും ചേർന്നുള്ള പോളിസി ടോക്, 18ന് ഉച്ചയ്ക്ക് രണ്ടിന് മാദ്ധ്യമ എഡിറ്റർമാരും മാദ്ധ്യമപ്രവർത്തകരും തമ്മിലുള്ള സംവാദത്തിനുള്ള 'ക്ലൈമറ്റ് കഫേ' എന്നിവ നടക്കും. 18ന് രാവിലെ 9.30 മുതൽ ഹോളി ക്രോസ് ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ വിവിധ യൂണിവേഴ്‌സിറ്റി, കോളജ് വിദ്യാർത്ഥികൾക്കായി 'ക്ലൈമറ്റ് സ്‌കൂൾ' പരിപാടിയും സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖരായ കാലാവസ്ഥാ ശാസ്ത്രജ്ഞർ, അക്കാദമിക്കുകൾ, പോളിസി എക്‌സ്‌പർട്ടുകൾ, പരിസ്ഥിതി സമ്പദ്ശാസ്ത്രകാരന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 300 പ്രതിനിധികളാണ് പങ്കെടുക്കുക. 18ന് വൈകിട്ട് 3.30ന് മുതലക്കുളത്ത് നിന്ന് കടപ്പുറത്തേക്ക് പ്രകടനം സംഘടിപ്പിക്കും. അഞ്ച് മണിക്ക് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിന് സമീപം പൊതുസമ്മേളനത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്, യുദ്ധവീർ സിംഗ്, സത്ബീർ സിംഗ് പഹൽവാൻ തുടങ്ങി പ്രമുഖർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കൽപ്പറ്റ നാരായണൻ, എൻ.പി ചെക്കുട്ടി, പ്രൊഫ.കുസുമം ജോസഫ്, വിജയരാഘവൻ ചേലിയ, കെ പി പ്രകാശൻ, കെ സഹദേവൻ എന്നിവർ പങ്കെടുത്തു.