
പയ്യോളി: പയ്യോളിയിൽ അമ്മയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി. അമ്മ മരിച്ചു, കുഞ്ഞ് ആശുപത്രിയിൽ . ഇരിങ്ങത്ത് കുലുപ്പ മലോൽതാഴ ആശാരിക്കണ്ടി സനീഷിന്റെ (കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, മണിയൂർ എൻജിനീയറിംഗ് കോളേജ്) ഭാര്യ ഗായത്രി (33) യാണ് മരിച്ചത്. രണ്ടു വയസുകാരി മകൾ ആരോഹി കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. പയ്യോളി കറ്റേരി പാലത്തിന് സമീപം ശ്രീനിലയം ശ്രീധരൻ - സരോജിനി ദമ്പതികളുടെ മകളാണ്.
വ്യാഴാഴ്ച വൈകിട്ട് 3.40 ന് കോഴിക്കോട് ഭാഗത്തേക്ക് പോയ രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് റെയിൽവേ സ്റ്റേഷനും ഒന്നാം ലെവൽ ക്രോസിനും ഇടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് തെറിച്ചു പോവുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു.മറ്റൊരു മകൾ: നിസ്വന. സഹോദരി: അഞ്ജലി (പയ്യോളി സർവീസ് സഹകരണ ബാങ്ക്).