
കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി നാലു ദിവസം എം.ബി.ബി.എസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ ആൾമാറാട്ടം നടത്തിയിട്ടില്ലെന്ന് പൊലീസ്. സംഭവത്തിൽ കേസെടുത്തിട്ടില്ല. കുട്ടി വ്യാജരേഖ ചമച്ചതായും തെളിവില്ല. ക്രിമിനൽ കുറ്റങ്ങളൊന്നും ചെയ്യാത്തതിനാലും കുട്ടിയുടെ ഭാവിയെക്കരുതിയുമാണ് കേസെടുക്കാത്തതെന്ന് മെഡിക്കൽ കോളേജ് എ.സി പി.കെ സുദർശൻ പറഞ്ഞു.
കൊടുവള്ളി പടന്നക്കാവ് സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ദിവസം രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിൽ ഹാജരാകുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. സംഭവത്തിൽ കോഴ്സ് കോ ഓർഡിനേറ്ററും വകുപ്പ് മേധാവികളുമടക്കം അഞ്ച് പേർക്ക് പ്രിൻസിപ്പൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ വിശദീകരണം തിങ്കളാഴ്ച ലഭിക്കും.
അതേ സമയം പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്. പ്രവേശനപ്പട്ടികയിൽ വിദ്യാർത്ഥിനിയുടെ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം നടത്തിയത്.