@ സ്ളാബ് പൊട്ടുന്നത് തുടർക്കഥ, തിരിഞ്ഞു നോക്കാതെ അധികൃതർ
കോഴിക്കോട് : വെെക്കം മുഹമ്മദ് ബഷീർ റോഡിലെ സ്ലാബുകൾ തകരുന്നത് തുടർക്കഥയാകുന്നു. ഇതിനെതിരെ സമീപത്തെ വ്യാപാരികൾ നിരവധി തവണ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.
റോഡിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിലൂടെ നടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴുന്ന അവസ്ഥയാണ്. ദിവസേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്ന് പോകുന്ന നടപ്പാതയ്ക്ക് ആണ് ദുർഗതി. പ്രദേശത്തെ വ്യാപാരികൾ ഒത്തൊരുമിച്ച് സ്ലാബ് പുനർനിർമ്മിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാഴ്ചക്കുള്ളിൽ തന്നെ അവ തകർന്നു വീഴുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ അറിയാതെ കുഴിയിൽ വീഴുന്നതും നിത്യകാഴ്ചയാണ്. സ്ലാബിനുള്ളിൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും മറ്റും നിറഞ്ഞിട്ടുണ്ട്. ഇതോടെ ചരക്കിറക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും കഴിയാതെ വലയുകയാണ് നാട്ടുകാരും വ്യാപാരികളും. അനേകം വാഹനങ്ങളാണ് ദിവസേന സ്ലാബിലേക്ക് താഴ്ന്ന് പോകുന്നത്.നാട്ടുകാരുടെ അവസരവസരോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടങ്ങളുണ്ടാകാത്തത്. അധികൃതരുടെ ഇടപെടൽ ഇല്ലാത്തതു മൂലം നാട്ടുകാർ ഒരിക്കൽ വീണ്ടും സ്ലാബ് വാർത്തിരിക്കുകയാണ്.
ജില്ലയിലെ പല സ്ലാബുകളുടെയും അവസ്ഥ ഇത് തന്നെ
ഈ റോഡിൽ മാത്രമല്ല നഗരത്തിലെ പല റോഡരികിലുമുള്ള സ്ളാബുകളുടേയും അവസ്ഥ ഇതു തന്നെയാണ്. രാത്രിയിൽ അനേകം വാഹനങ്ങൾ ആണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. വാഹനങ്ങൾക്കും വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്കും അപകടം ഉണ്ടാകുന്ന രീതിയിൽ പൊട്ടിപ്പൊളിഞ്ഞിട്ടും അപായസൂചനകൾ സ്ഥാപിക്കുന്നതിനോ തകർന്ന ഭാഗം നന്നാക്കുന്നതിനോ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോർപ്പറേഷന്റെ അനാസ്ഥ മൂലം തദ്ദേശവാസികൾക്ക് തലവേദനയായി മാറിയിരിക്കുകയാണ് ഈ സ്ലാബുകൾ .
''അപകടക്കെണിയൊരുക്കിയ നടപ്പാത നന്നാക്കാൻ കോർപ്പറേഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതു കൊണ്ട് ഞങ്ങൾ തന്നെ സ്ലാബ് നിർമ്മിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ എന്ത് ചെയ്യാൻ, ഇവിടെ യാത്രക്കാരും വ്യാപാരികളും വീഴുന്നതും വാഹനങ്ങൾ കടയുടെ മുൻപിലേക്ക് പാർക്ക് ചെയ്യാനും പറ്റാത്ത അവസ്ഥയാണ്""- കടക്കാർ, വെെക്കം മുഹമ്മദ് ബഷീർ റോഡ്