jappan-fever

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആദ്യമായി ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. വടകരയിൽ താമസിക്കുന്ന യു.പി ആഗ്ര സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും, തലവേദനയും, ഛർദ്ദിയുമായി കുട്ടിയെ ഏഴു ദിവസം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയെ മൂന്നാം ദിവസം വാർഡിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്.

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മാതൃ–ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ശ്രീകുമാർ പറഞ്ഞു.

ജപ്പാൻ ജ്വരം സ്ഥിരീകരിച്ചതോടെ കുട്ടിയുടെ കുടുംബം താമസിക്കുന്ന വടകര പാക്കയിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ജില്ലാ വെക്ടർ കൺട്രോൾ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ, നഗരസഭ ജീവനക്കാർ, ആശാവർക്കർമാർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഫീവർ സർവെ, മോസ്‌കിറ്റോ കലക്ഷൻ എന്നിവ നടന്നു. ഇന്ന് പ്രദേശത്ത് ഫോഗിങ്ങ് നടക്കും. ജ്വരം സ്ഥിരീകരിച്ച കുട്ടിയും കുടുംബവും ഒക്ടോബറിൽ സ്വദേശമായ ആഗ്രയിൽ പോയി നവംബറിലാണ് തിരിച്ചെത്തിയത്. ഇവരുടെ നാട്ടിൽ ജപ്പാൻ ജ്വരമുണ്ടെന്ന് പറയുന്നു. ഇവിടെനിന്നാണ് ഇവർക്ക് രോഗം കിട്ടിയതെന്നാണ് അനുമാനമെന്ന് നഗരസഭ ചെയർപേഴ്‌സൺ കെ.പി ബിന്ദു പറഞ്ഞു.