ksrtc

കോഴിക്കോട്: 'ആനവണ്ടി'യിലെ ഉല്ലാസയാത്ര വമ്പൻ ഹിറ്റ് . വിനോദ യാത്രകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയ ആശയമാണ് സഞ്ചാരികൾക്കിടയിൽ പ്രിയമേറുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലായിരത്തിലധികം വിനോദയാത്രക്കാരാണ് കെ. എസ്. ആർ .ടി .സിയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കറങ്ങിയത്. ഒരു വർഷം പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ കൂടുതൽ സർവീസുകൾ ഒരുക്കി കാത്തിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.

കോഴിക്കോട്, താമരശേരി ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് വിനോദ യാത്രകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 23ന് വിനോദ യാത്രക്കാരെയുമായി രണ്ട് ബസുകളിലായി വയനാട്ടിലേക്കായിരുന്നു ആദ്യ യാത്ര. ഇത് വിജയിച്ചതോടെയാണ് കുടുതൽ സർവീസുകൾക്ക് തുടക്കമിട്ടത്. ഒരു വർഷത്തിനകം 151 ടൂറുകളാണ് സംഘടിപ്പിച്ചത്. പദ്ധതി നൂറുദിവസം പിന്നിട്ട ഘട്ടത്തിൽ 100 വനിതകൾക്ക് മാത്രമായി വയനാട്ടിലേക്കൊരു യാത്രയും സംഘടിപ്പിച്ചിരുന്നു. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കുളള വിനോദ യാത്രയും ഇപ്പോൾ കെ എസ് ആർ ടി സിയിലാണ്.

മൂന്നാർ, വാഗമൺ, തിരുവനന്തപുരം, നെല്ലിയാമ്പതി, വയനാട്, കണ്ണൂർ, വിസ്മയ പാർക്ക് പത്തനംതിട്ട ഗവി തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് പ്രധാന ട്രിപ്പുകൾ. നാലമ്പല യാത്ര, ആറൻമുള, ശബരിമല എന്നിവിടങ്ങളിലേക്കും പ്രത്യേക യാത്രകൾ സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ആഡംബര കപ്പലായ നെഫർറ്റിറ്റിയിൽ വിനോദ യാത്രാ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

പുതുവർഷത്തിൽ കെെ നിറയെ യാത്രകൾ

പുതു വർഷത്തിൽ നിരവധി യാത്രകളാണ് കെ.എസ്.ആർ.ടി.സി ആസൂത്രണം ചെയ്യുന്നത്. ജനുവരി ഒമ്പതിന് വാഗമൺ, കുമരകം യാത്ര നടക്കും.രാത്രി എട്ടിന് താമരശേരിയിൽ നിന്ന് യാത്ര തുടങ്ങും. ഒമ്പതിന് കോഴിക്കോട്ടെത്തും. അന്ന് വാഗമണിൽ താമസിക്കും. പിറ്റേന്ന് കുമരകം സന്ദർശനവും ബോട്ടു യാത്രയും. രാത്രി ഏഴിന് തിരിച്ചുപോരും. പുലർച്ചെ നാലിന് കോഴിക്കോട്ടെത്തും. താമസം, ഭക്ഷണം, ബോട്ട് യാത്ര ഉൾപ്പെടെ ഒരാൾക്ക് 3750 രൂപയാണ് ചാർജ്. 11ന് ഗവിയിലേക്കും യാത്രയുണ്ട്. രാത്രി ഒമ്പതിന് താമരശേരിയിൽ നിന്ന് പുറപ്പെട്ട് രാവിലെ ഗവിയിലെത്തും.

അന്ന് വൈകിട്ട് തിരിച്ച് പിറ്റേന്ന് രാവിലെ താമരശേരിയിൽ എത്തുന്ന യാത്രയ്ക്ക് 3150 രൂപയാണ് നിരക്ക്. മൂന്നാറിലേക്ക് 16ന് മറ്റൊരു യാത്രയുണ്ട്. രാവിലെ ഏഴിന് താമരശേരിയിൽ നിന്ന് പുറപ്പെടും. ആതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി അണക്കെട്ട് എന്നിവ സന്ദർശിച്ചശേഷം മൂന്നാറിലെത്തും. അന്ന് അവിടെ കെ.എസ്.ആർ.ടി.സിയുടെ എ.സി ഡോർമെറ്ററിയിൽ താമസം. പിറ്റേന്ന് വൈകിട്ട് മടങ്ങും.1900 രൂപയാണ് ചാർജ്. എല്ലാ യാത്രകൾക്കും സൂപ്പർ ഡീലക്സ് പുഷ്ബാക്ക് ബസുകൾ ലഭ്യമാണ്. സൂപ്പർ ഡീലക്സ് ബസുകളിൽ 38 പേർക്കും ഓർഡിനറി ബസുകളിൽ 50 പേർക്കും സഞ്ചരിക്കാം.