
കോഴിക്കോട്: സൗത്ത് ബീച്ചിൽ മുജാഹിദ് പള്ളിക്ക് എതിർവശമുള്ള മരക്കടയോട് ചേർന്ന റോഡരികിൽ കോർപ്പറേഷന്റെ ഒരു ബോർഡ് കാണാം. 'ഇവിടെ മാലിന്യം ഇടരുത്, നിങ്ങൾ സിസി. ടി. വി നിരീക്ഷണത്തിലാണ്' എന്നാണ് അതിൽ വലിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നത്. പക്ഷേ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ ,ചെരുപ്പ് , ഭക്ഷണാവശിഷ്ടങ്ങൾ ,മുട്ടത്തോടുകൾ തുടങ്ങിയ മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുകയാണിവിടെ. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന് വകുപ്പുകൾ ഉൾപ്പെടെ രേഖപ്പെടുത്തി മറ്റൊരു ബോർഡും അവിടെ വെച്ചിട്ടുണ്ട്. ബോർഡ് ഇല്ലായിരുന്നുവെങ്കിൽ കോർപ്പറേഷന്റെ മാലിന്യ ശേഖരണ സ്ഥലമാണോ ഇതെന്ന് തോന്നിപ്പോകും.
റോഡരികിൽ തന്നെ ഇത്രയും വൃത്തിഹീനമായ അവസ്ഥയായിട്ടും കോർപ്പറേഷന് കണ്ടില്ലെന്ന് നടിക്കുകയാണ്. മഴ പെയ്താൽ വെള്ളം കയറുന്ന ഭാഗമാണിത്. മഴക്കാലത്ത് സൈഡിൽ കൂട്ടിയിട്ട മാലിന്യങ്ങൾ ഒഴുകി റോഡിലെത്തും. ഇത് യാത്രക്കാർക്കും സമീപത്തെ കടക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴ പെയ്യുമ്പോൾ തൊട്ടടുത്ത മരക്കടയ്ക്ക് മുന്നിലൂടെയാണ് മാലിന്യം ഒഴുകിപ്പോകുന്നത്.
രാത്രിയിലും അതിരാവിലെയും റോഡിലാരുമില്ലാത്ത സമയം നോക്കിയാണ് പലരും മാലിന്യങ്ങൾ കൊണ്ടിടുന്നത്. അതോടെ ഭക്ഷണവശിഷ്ടങ്ങൾക്കായി തെരുവ് നായകളെത്തും. നായകൾ കാൽനട യാത്രക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയാണ്.
മാലിന്യ പ്രശ്നം കോർപ്പറേഷന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മാസങ്ങൾക്ക് മുമ്പ് ഒരു ബോർഡ് വെച്ച് പോയി എന്നല്ലാതെ മറ്റ് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കോർപ്പറേഷൻ ജീവനക്കാർ ദിവസവും ജോലിക്കെത്തുന്നുണ്ടെങ്കിലും കൺമുന്നിൽ കാണുന്ന ഒന്നോ രണ്ടോ കവറുകൾ എടുത്ത് പോവുകയാണ് പതിവ്. ബാക്കിയുള്ളവ അരികിലേക്ക് തട്ടിമാറ്റുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
"പല സ്ഥലങ്ങളിൽ നിന്നുള്ളവർ വണ്ടിയിൽ വന്ന് മാല്യങ്ങൾ തള്ളി പോകുന്നത് സ്ഥിരം കാഴ്ചയാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന് പറഞ്ഞാൽ അവർ തട്ടിക്കയറാൻ വരും. അതുകൊണ്ട് ഇപ്പോഴൊന്നും പറയാറില്ല"
ബൈജു
മരക്കടയിലെ തൊഴിലാളി
"മാലിന്യപ്രശ്നം മൂലമുള്ള ബുദ്ധി മുട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉടനടി തന്നെ സ്ഥലം വൃത്തിയാക്കും".
കെ.മൊയ്തീൻ കോയ,
കൗൺസിലർ