bjp
bjp

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ അനധികൃത നിർമാണങ്ങളുടെയും ഇടപാടുകളുടെയും കാവൽ ഭരണകർത്താക്കളായി മാറിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്പീക്കർ എ.എൻ. ഷംസീറിന്റ സഹോദരൻ എ.എൻ. ഷാഹിർ മാനേജിംഗ് ഡയറക്ടറായ കമ്പനി പാട്ടത്തിനെടുത്ത് അനധികൃത നിർമാണം നടത്തിയതിന്റെ പേരിൽ നിർമാണം നിർത്തിവെയ്ക്കാൻ നൽകിയ നോട്ടീസിന്റെ സ്ഥിതി എന്തായെന്ന് വ്യക്തമാക്കണം. തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് നിർമിച്ച കെട്ടിടം നിസ്സാരവിലക്ക് പാട്ടത്തിനെടുത്താണ് അനധികൃത നിർമ്മാണം നടത്തിയത്. ടെണ്ടർ വിളിച്ച് രണ്ടര ലക്ഷം രൂപവരെ പ്രതിമാസ വാടക ലേലത്തുക പറഞ്ഞ കെട്ടിടത്തിന്റെ ടെണ്ടർ റദ്ദുചെയ്തുകൊണ്ടാണ് കേവലം 65000 രുപ മാസവാടകയ്ക്ക് പത്ത് വർഷത്തേക്ക് കമ്പനിക്ക് കരാർ നൽകിയത്. തുറമുഖ വകുപ്പിന് വലിയ തുകയുടെ നഷ്ടം ഉണ്ടാക്കിയാണ് കരാർ നൽകിയത്. ആരോപണമുയർന്നപ്പോൾ കോർപ്പറേഷൻ നിർമാണം നിർത്തിവെയ്പിക്കുകയും, ഒക്ടോബർ 31ന് ഒരാഴ്ചയ്ക്കുളളിൽ പൂർത്തിയാക്കുമെന്ന രീതിയിൽ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ടെണ്ടർ മാറ്റി കരാർ ആയ സാഹചര്യം, അനധികൃത നിർമ്മാണം, നിയമലംഘനം ഇവയായിരുന്നു അന്വേഷണ വിഷയങ്ങൾ. വകുപ്പു തല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് നിർമാണാനുമതി നൽകിയത് വഴിവിട്ട നീക്കമാണെന്നും വി.കെ.സജീവൻ ആരോപിച്ചു.

അനധികൃത നിർമാണങ്ങളുടെയും, നിയമനിർമാണങ്ങളുടെയും കൂടുതൽ വിവരങ്ങൾ വിവരാവകാശത്തിലൂടെ പുറത്തുകൊണ്ടുവന്ന് ശക്തമായ സമരവുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്നും വി.കെസജീവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, ട്രഷറർ വി.കെ.ജയൻ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.