
സുൽത്താൻ ബത്തേരി: അഞ്ച് വയസുകാരന് പിതാവിൽ നിന്ന് ക്രൂരമർദ്ദനം. സുൽത്താൻ ബത്തേരി കട്ടയാട് മുള്ളൻകുന്നിൽ വാടകക്ക് താമസിക്കുന്ന മൈസൂർ ഉദയഗിരി സ്വദേശികളായ പ്രീതം-ദേവി ദമ്പതികളുടെ മകൻ അഞ്ചുവയസുകാരൻ ശിവക്കാണ് പിതാവിൽ നിന്ന് ക്രൂരമർദ്ദനമേറ്റത്. ജനനേന്ദ്രിയമടക്കമുള്ള ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റതിന്റെയും കഴുത്തിലും തുടയിലും ഇലക്ട്രിക് വയർ കൊണ്ട് അടിച്ചതിന്റെയും പാടുകളുണ്ട്. പരിക്കേറ്റ കുട്ടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയുടെ അമ്മ ഇളയകുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് വരും വഴിയാണ് കൂടെയുണ്ടായിരുന്ന മൂത്ത കുട്ടിയുടെ ശരീരഭാഗങ്ങളിൽ അടിയേറ്റതും പൊള്ളലേറ്റതുമായ പാടുകൾ ചിലരുടെ ശ്രദ്ധയിൽപെട്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചീത്തവാക്ക് പറഞ്ഞതിന് പിതാവ് മർദ്ദിച്ചതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അതേസമയം മാതാവിന് പരാതിയില്ലെന്നും കുട്ടിയുടെ അച്ഛൻ മൂന്ന് ദിവസം മുമ്പ് തല്ലിയതാണെന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. കുട്ടിയെ മർദ്ദിച്ചതിന് പിതാവ് പ്രീതത്തിനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ മാതാവിനൊപ്പം അയക്കുകയും ചെയ്തു. പെയിന്റിംഗ് തൊഴിലാളിയാണ് പ്രീതം.