കോഴിക്കോട്: വ്യാപാര തർക്കത്തെ തുടർന്ന് മിഠായിത്തെരുവിലെ വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ. ഇരിങ്ങലൂർ സ്വദേശി അർഷാദ് ബാബു (41), നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുൽ ഹമീദ്(40), കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46), കിണാശ്ശേരി ചെരണം കുളംപറമ്പ് അബ്ദുൽമനാഫ് (42), മാത്തോട്ടം വാഴച്ചാൽ വയൽ അബ്ദുൽ അസീസ് (38) എന്നിവരെയാണ് സിറ്റി സ്‌പെഷൽ ആക്ഷൻ ഗ്രൂപ്പും ടൗൺ എസ്.ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പെ മാത്തോട്ടം സ്വദേശി ഫൈസലിനെ പിടികൂടിയിരുന്നു. ഒരു മാസത്തോളമായി കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
കോയമ്പത്തൂരിൽ നിന്നും ഈറോഡ് ഭാഗത്തേക്ക് സഞ്ചരിക്കുന്നുണ്ടെന്ന് മനസിലാക്കിയ പൊലീസ് 40 കിലോമീറ്റോളം പിന്തുടർന്ന് ശരവണപ്പെട്ടി എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. നവംബർ 11നാണ് കേസിനാസ്പദമായ സംഭവം. വ്യാപാരതർക്കത്തെ തുടർന്ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകി വരികയായിരുന്ന വ്യാപാരിയെ അർഷാദ്ബാബുവിന്റെ നേതൃത്വത്തിലുളള സംഘം മർദിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പൊലീസ് പിടികൂടുമെന്ന് ഭയന്ന് ഇവർ സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങാറില്ലായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങാതെയും മൊബൈൽ ഫോൺ ഒഴിവാക്കിയുമാണ് ഇവർ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞത്.