1

കോഴിക്കോട്: ആവേശച്ചൂടിൽ കടൽക്കാറ്റിന്റെ കുളിരണിഞ്ഞ് നൈനാംവളപ്പിൽ രാവും പകലുമായി ലോകകപ്പ് കണ്ടത് പതിനായിരങ്ങൾ. ഫുട്ബോൾ ആരാധനയിൽ ഫിഫയുടെ പോലും മനം കവർന്ന നൈനാംവളപ്പ് ഇത്തവണ മിനി ഖത്തറായി. കോഴിക്കോട് നഗരത്തിലെ പലയിടത്തും ബിഗ് സ്ക്രീനിൽ ലോകകപ്പ് പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും കടലോര പ്രദേശമായ നൈനാംവളപ്പിൽ കളി കാണുന്നത് വേറിട്ട അനുഭവമാണ്. ബ്രസീലിനും അർജന്റീനയ്ക്കും മാത്രമല്ല, ലോകകപ്പിൽ കളിക്കുന്ന ഒട്ടുമിക്ക ടീമുകൾക്കും ഇവിടെ ആരാധകരുണ്ട്.

നാട്ടുകാർക്കൊപ്പം മറ്റ് ഇടങ്ങളിൽ നിന്നും ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞ് കാൽപ്പന്ത് ആരാധകർ കളികാണാൻ ഒഴുകിയെത്തുകയാണ്. 2018 ൽ കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് റഷ്യൻ ലോകകപ്പ് വലിയ ആവേശമാക്കാൻ കഴിയാതിരുന്ന നൈനാംവളപ്പ് ഇത്തവണ ആ കുറവ് നികത്തി. ഫൈനലിന് ശേഷം ലോകകപ്പ് നേടുന്ന ടീമിന്റെ ആരാധകർക്ക് കപ്പിന്റെ മാതൃക സമ്മാനിക്കുന്നതോടെയാണ് ഒരുമാസം നീണ്ടുനിന്ന ആവേശക്കാഴ്ചകൾക്ക് സമാപനമാവുക. ബ്രസീലും ക്രൊയേഷ്യയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനലിനും അർജന്റീനയും നെതർലാൻഡ്സും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനലിനുമാണ് കൂടുതൽ ആരാധകരെത്തിയത്.

ആവേശത്തിന് അഴകുപകർന്ന് ലോകകപ്പ് മാതൃകയിൽ ടൂർണമെന്റും സംഘടിപ്പിച്ചു. നൈനാംവളപ്പിലെ ഫുട്ബോൾ ആരാധനയ്ക്ക് കേന്ദ്രീകൃത സ്വഭാവം നൽകിയത് നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ ( എൻഫ) ആണ് . 1996 ലാണ് എൻഫ രൂപീകരിക്കുന്നത്. ഇവിടുത്തെ ഫുട്ബോൾ ഭ്രമം ബി.ബി.സി, അൽ ജസീറ, ഇ.എസ്.പി എൻ ഉൾപ്പെടെയുള്ള അന്തർദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതോടെ ഫിഫയുടെ അംഗീകാരവും ഇവരെ തേടിയെത്തി. ഫിഫയും യുവേഫയും സോവനീറും പ്രസിദ്ധീകരണങ്ങളും ഇവർക്ക് അയച്ചു നൽകാറുണ്ട്.

കഴിഞ്ഞ മേയിൽ ഇവിടെ അർജന്റീനിയൻ താരങ്ങളെത്തിയിരുന്നു. അർജന്റീനോസ് ജൂനിയേഴ്‌സ് അക്കാഡമി വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളിയും ബോർഡ് മെമ്പർ കെവിൻ ലിബ്‌സ് ഫ്രെയിന്റുമാണ് നൈനാംവളപ്പിലെ കുട്ടികൾക്കൊപ്പം അർജന്റീനയുടെ നീല ജഴ്സിയണിഞ്ഞ് കോതി മിനി സ്റ്റേഡിയത്തിൽ പന്ത് തട്ടിയത്. മുൻ ഇന്ത്യൻ നായകനും ഗോൾകീപ്പറുമായ ബ്രഹ്മാനന്ദ സങ്‌വാക്കറും ഇവരോടൊപ്പം ചേർന്നു.

മറഡോണയടക്കം പ്രമുഖ ഫുട്‌ബോൾ താരങ്ങളെ വാർത്തെടുത്ത ലോകത്തിലെ മുൻനിര അക്കാഡമിയാണ് അർജന്റീനൻ ജൂനിയേഴ്‌സ്. സംസ്ഥാന സർക്കാരിന്റെ വൺ മില്യൺ ഗോൾ പദ്ധതിയിൽ പങ്കാളികളായ എൻഫ ലഹരിവിരുദ്ധ പരിപാടികളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.

"ദിവസവും ആയിരത്തിലധികം ആളുകളാണ് കളി കാണാൻ നൈനാംവളപ്പ് മിനി സ്റ്റേ‌ഡിയത്തിലെത്തുന്നത്. ഓപ്പൺ ഗ്രൗണ്ട് ആയതിനാൽ എത്ര പേർക്കും ഇവിടെ നിന്ന് കളികാണാം. സെമിയും ഫൈനലും കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്". സുബൈർ, എൻഫ പ്രസിഡന്റ് , നൈനാംവളപ്പ്.