
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ അഞ്ചുവർഷം മുമ്പ് വയറ്റിൽ കുടുങ്ങിയ കത്രിക കഴിഞ്ഞ സെപ്തംബർ 17ന് പുറത്തെടുത്തെങ്കിലും പഴുപ്പ് ബാധിച്ചതിനെ തുടർന്ന് അടിവാരം സ്വദേശി കെ.കെ.ഹർഷീനയെ വീണ്ടും കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത ഭാഗങ്ങളിലാണ് പഴുപ്പുണ്ടായത്. കലശലായ നടുവേദനയും വയറു വേദനയുമുണ്ട്. അതേസമയം, കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടെങ്കിലും അന്വേഷണ റിപ്പോർട്ടിൽ ഒന്നരമാസമായിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഹർഷീന പരാതിപ്പെട്ടു.
അഞ്ചുവർഷം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷീനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. പിന്നീടുള്ള ജീവിതം ദുരിത പർവമായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. അതിനിടെ രണ്ട് ശസ്ത്രക്രിയകൾ. ഒടുവിൽ ഒരാശുപത്രിയിലെ ചികിത്സയ്ക്കിടെ വയറ്റിലെ കത്രിക സ്കാനിംഗിലൂടെ തെളിഞ്ഞു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തന്നെ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.
ഹർഷീനയുടെ ദുരിത ജീവിതം ചർച്ചയായതോടെ അന്വേഷണത്തിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നംഗ സംഘത്തെ നിയോഗിച്ചെങ്കിലും നേരിട്ടെത്തി തെളിവെടുക്കാൻ പോലും അവർ തയ്യാറായില്ല. വിവാദമായതോടെ മന്ത്രി വീണാജോർജിന്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിന് പുറത്തുള്ള ഡോക്ടർമാരുടെ മൂന്നംഗ സംഘം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ആരോഗ്യമന്ത്രിയെ നേരിട്ടും അല്ലാതെയും നിരവധി തവണ ബന്ധപ്പെട്ടെങ്കിലും പലപ്പോഴും പി.എ ആണ് മറുപടി നൽകുന്നതെന്ന് ഹർഷീന പറഞ്ഞു. റിപ്പോർട്ട് കിട്ടി, നടപടി ഉടൻ ഉണ്ടാവുമെന്നായിരുന്നു മറുപടി. ദിവസങ്ങളായിട്ടും വിവരമില്ലാതായപ്പോൾ മന്ത്രിയുടെ പേഴ്സണൽ നമ്പറിൽ വിളിച്ചു. ഫോണെടുത്തയാൾ ഉടൻ പരിഹാരമാകുമെന്ന് മറുപടി നൽകി. എന്റെ ആരോഗ്യം പോട്ടെ, എന്നെ ചികിത്സിച്ച് കടംകയറി കഷ്ടത്തിലായ കുടുംബത്തിന് ഒരു സഹായമെങ്കിലും സർക്കാർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
''ശസ്ത്രക്രിയ ചെയ്ത ഭാഗങ്ങളിൽ പഴുപ്പ്, തീരാവേദന. ഇങ്ങനെയാണെങ്കിൽ ജീവിക്കേണ്ടെന്ന് തോന്നിപ്പോവുന്നു.
-ഹർഷീന