കോഴിക്കോട്: രേഖകളില്ലാത്ത കാൽലക്ഷം രൂപയുമായി നാഗർകോവിൽ -മംഗലാപുരം ഏറനാട് എക്‌സ്‌പ്രസിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങിയ മലപ്പുറം സ്വദേശിയെ ആർ.പി.എഫും ആർ.പി.എഫ് ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടി. മലപ്പുറം വേങ്ങര സ്വദേശി പി.മുഹമ്മദ് (51) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 24,99000 രൂപ കണ്ടെത്തി. ചെന്നൈ ബീച്ച് മുതൽ കോഴിക്കോട് വരെയുള്ള ജനറൽ ടിക്കറ്റ് കൈവശമുണ്ടായിരുന്ന ഇയാൾ പല ട്രെയിനുകൾ മാറി കയറിയാണ് കോഴിക്കോട് എത്തിയതെന്ന് എസ്.ഐ ഷിനോജ് കുമാർ പറഞ്ഞു. ഒരു സുഹൃത്താണ് പണം നൽകിയതെന്ന് മാത്രമാണ് ഇയാൾ ആർ.പി.എഫിന് നൽകിയ മൊഴിയിലുള്ളത്.
സംശയാത്മക സാഹചര്യത്തിൽ പ്ലാറ്റ്ഫോമിൽ കണ്ട ഇയാളെ ആർ.പി.എഫ് പിടികൂടുകയായിരുന്നു. പാന്റ്‌സിന്റെ അര ഭാഗത്ത് തുണി കൊണ്ടുണ്ടാക്കിയ അറയിലും ബാഗിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ആദായ നികുതി ഉദ്യോഗസ്ഥർക്ക് കൈമാറി. .എസ്.ഐ എം.പി ഷിനോജ് കുമാർ ,എസ്.ഐ അപർണ അനിൽ കുമാർ, എ.എസ് .ഐ രഞ്ജിത്ത്, ക്രൈം എ.എസ്.ഐ സജി ആഗസ്റ്റിൻ, ബാബു , പ്രണവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.