football
കോതി നൈനാംവളപ്പ് മിനി സ്റ്റേഡിയത്തിൽ നടന്ന മിനി വേൾഡ് കപ്പിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.

കോഴിക്കോട്: ഖത്തർ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നൈനാംവളപ്പ് ഫുട്‌ബോൾ ഫാൻസ് അസോസിയേഷൻ(എൻഫ) എക്‌സൈസ് വകുപ്പുമായി സഹകരിച്ച് നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മിനി വേൾഡ് കപ്പ് ടൂർണമെന്റിൽ അർജന്റീനയെ പരാജയപ്പെടുത്തി ബ്രസീൽ ജേതാക്കളായി.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ അടിച്ച് തുല്യത പാലിച്ചതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചത്. ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ അർജന്റീന 2-1ന് ഫ്രാൻസിനെയും ബ്രസീൽ 2-1 പോർച്ചുഗലിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ, ബെൽജിയം, ഇംഗ്ളണ്ട്, സ്പെയിൻ, ജർമനി എന്നീ 8 ടീമുകളുടെ പേരിലും ജേഴ്‌സിയിലുമാണ് ടീമുകൾ കളിക്കാൻ ഇറങ്ങിയത്. ആദ്യ റൗണ്ട് മത്സരത്തിൽ പോർച്ചുഗൽ 5-2ന് ജർമനിയെയും രണ്ടാം മത്സരത്തിൽ അർജന്റീന ബെൽജിയത്തെ 1-0നും പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ ബ്രസീൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ സ്പെയിനിനേയും നാലാം മത്സരത്തിൽ ഫ്രാൻസ് 4-0ന് ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി. ബ്രസീലിന്റെ ടി. വി.മാമുക്കോയയെ ടൂർണമെന്റിലെ മികച്ച താരമായും പോർച്ചുഗലിന്റെ ജുറൈജിനെ ടോപ്പ് സ്കോററായും തെരഞ്ഞെടുത്തു. വിജയികൾക്ക് ലോകകപ്പ് ട്രോഫിയുടെ മാതൃക അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ. മോഹൻദാസ് സമ്മാനിച്ചു.