beppur
beppur

കോഴിക്കോട് : 24 മുതൽ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സാഹസിക വിനോദത്തോടൊപ്പം മലബാറിന്റെ തനത് വിഭവങ്ങൾ ലഭ്യമാക്കുന്ന കൂടുതൽ ഫുഡ് കൗണ്ടറുകളും ഒരുക്കാൻ തീരുമാനിച്ചു. കുടുംബശ്രീയുടെയും പ്രാദേശിക കച്ചവടക്കാരുടെയും സ്റ്റാളുകൾ അനുവദിക്കും.

കടകളും റോഡിന്റെ ഇരുവശങ്ങളും പാലങ്ങളും ദീപാലംകൃതമാക്കുമെന്ന് ഇലുമിനേഷൻ കമ്മിറ്റി അറിയിച്ചു. ഫറോക്ക് പഴയ പാലം, പുതിയ പാലം, മാത്തോട്ടം എന്നിവിടങ്ങളിൽ ജനകീയ പങ്കാളിത്തോടെ ഇലുമിനേഷൻ ഒരുക്കും. ചാലിയം, പുലിമുട്ട് എന്നീ സ്ഥലങ്ങളും ആകർഷണീയമാക്കും. വ്യാപാരികളുടെ സഹകരണത്തോടെയാണ് കടകളും സമീപത്തുള്ള വൃക്ഷങ്ങളും ദീപാലംകൃതമാക്കുക. ഇതിനായി പ്രദേശത്തെ വ്യാപാരികളുടെ യോഗം വിളിച്ച് ചേർക്കും.

ഫെസ്റ്റിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി വാഹന പ്രചാരണവും ബോർഡുകളും സ്ഥാപിക്കുമെന്ന് പ്രചാരണ കമ്മിറ്റി അറിയിച്ചു. ബേപ്പൂരുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തും. പ്രചാരണ വാഹനങ്ങൾ ഫെസ്റ്റിന്റെ ഏഴു ദിവസം മുമ്പ് ആരംഭിക്കും. പൊതുജനങ്ങളെ ആകർഷിക്കാനായി എക്‌സിബിഷനും നടത്തും.

യോഗത്തിൽ ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വികസന സമിതി കമ്മിഷണർ എം.എസ് .മാധവിക്കുട്ടി, , ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, ഡെപ്യൂട്ടി കലക്ടർ കെ.ഹിമ, ഡി.ടി.പി.സി സെക്രട്ടറി നിഖിൽ പി.ദാസ്, കെ.എസ്.ഇ.ബി കല്ലായി എ.ഇ പി.വി ശ്രീജയ, ഭക്ഷണ കമ്മിറ്റി ചെയർമാൻ കെ .രാജീവ്, വാർഡ് കൗൺസിലർമാരായ സുരേഷ് കൊല്ലാറത്ത്, വാടിയിൽ നവാസ്, എം സമീഷ്, എൽ.യു അഭിധ്, പി.സുഭാഷ്, അജിത്ത് കുമാർ മരക്കാർ തുടങ്ങിയവർ പങ്കെടുത്തു.