shima

* അഡി. ചീഫ് സെക്രട്ടറി അന്വേഷിക്കും

* ആശുപത്രി സമരം പിൻവലിച്ച് യുവതി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക അഞ്ചു വർഷം കഴിഞ്ഞ് പുറത്തെടുത്ത ഭാഗം പഴുത്ത് വീണ്ടും ആശുപത്രിയിലായ ഹർഷീനയുടെ ദുരിതത്തിൽ കേരളകൗമുദി വാർത്തയെ തുടർന്ന് ആരോഗ്യ മന്ത്രിയുടെ ഇടപെടൽ.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹർഷീനയുടെ ദുരിതാവസ്ഥ ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മന്ത്രി വീണാജോർജ് ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി. ആദ്യ അന്വേഷണം തൃപ്തികരമല്ലാത്ത​തിനാൽ ശാസ്ത്രീയ അന്വേഷണത്തിന് അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും എത്രയും വേഗം നീതി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി സാന്ത്വനിപ്പിച്ചു.

നാലു ദിവസത്തെ ചികിത്സയിലൂടെ പഴുപ്പ് ഭേദമായ ഹർഷീന ഇന്നലെ ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോയി. നീതി കിട്ടും വരെ ആശുപത്രിയിൽ സമരമിരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ,​ മന്ത്രിയുടെ ഉറപ്പിൽ വിശ്വസിച്ച് സമരത്തിൽ നിന്ന് പിന്മാറുകയാണെന്ന് ഹർഷീന പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ഹർഷീനയെ വയറ്റിൽ പഴുപ്പുമായി ആശുപത്രിയിൽ പ്രവേശിച്ചത്.

ഹർഷീനയുടെ ദുരിത ജീവിതം പുറം ലോകമറിഞ്ഞതോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അന്വേഷണം ഏകപക്ഷീയമാണെന്ന് ഹർഷീന പരാതിപ്പെട്ടതോടെ ആരോഗ്യമന്ത്രി മറ്റൊരു അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒക്ടോബർ 21ന് ഹർഷീനയുടെ മൊഴിയെടുത്തു. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയതാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി രണ്ടുമാസമായിട്ടും റിപ്പോർട്ട് പുറത്ത് വിടാനോ നഷ്ടപരിഹാരം നൽകാനോ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. തുടർന്നാണ് അന്വേഷണ റിപ്പോർട്ടിൽ പരിശോധനയ്ക്കും പുതിയ അന്വേഷണത്തിനുമായി അഡിഷണൽ ചീഫ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയത്.