കോഴിക്കോട്: കാലം തെറ്റിയെത്തിയ മഴയിൽ നാടും നഗരവും വെള്ളത്തിൽ. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ രാത്രി വൈകിയും തുടർന്നു. മലയോരമേഖലയിൽ വലിയ കൃഷിനാശമുണ്ടായതാണ് റിപ്പോർട്ടുകൾ. നഗരത്തിന്റെ പലഭാഗങ്ങളിലും കാറ്റിലും മഴയിലും മരംകടപുഴകി വീണ് ഗതാഗത സ്തംഭനവും വൈദ്യുതി തകരാറുമുണ്ടായി. നഗര റോഡുകളിൽ വ്യാപകമായി വെള്ളക്കെട്ടുണ്ടായതോടെ ദേശീയ പാതയിലടക്കം വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മാവൂർറോഡ് ജംഗ്ഷൻ, ശ്രീകണ്‌ഠേശ്വരക്ഷേത്ര പരിസരം, മാനാഞ്ചിറ സ്‌ക്വയറിനുസമീപം കിഡ്‌സൺകോർണർ, നടക്കാവ്, ചിന്താവളപ്പ് റോഡ്, പുതിയറ ജംഗ്ഷൻ, എരഞ്ഞിപ്പാലം ബൈപാസ് എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽ വെള്ളക്കെട്ടായിരുന്നു. ബൈപാസ് ആറുവരിപാതയാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളും ഉയർത്തുകയും താഴ്ത്തുകയുമൊക്കെ ചെയ്തതിനാൽ തൊണ്ടയാട് മുതൽ പൂളാടിക്കുന്ന് വരെ നിരവധിയിടങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ടായത് വാഹനങ്ങളെ കുരുക്കിലാക്കി.
അപ്രതീക്ഷിതമായ മഴയിൽ ജനങ്ങളും വഴിയോരകച്ചവടക്കാരുമെല്ലാം ദുരിതത്തിലായി. ഓടകളുടെ ശുചീകരണം ശാസ്ത്രീയമായി നടത്താത്തതിനാൽ മിക്കവാറും ഓടകളെല്ലാം കരകവിഞ്ഞ് മലിന ജലം നഗരത്തിലൂടെ പരന്നൊഴുകുകയായിരുന്നു.
വെള്ളത്തിൽ മുങ്ങി മാനാഞ്ചിറ
ഇന്നലെ പെയ്ത മഴയിലും പതിവ് തെറ്റാതെ മാനാഞ്ചിറ ബസ് സ്റ്റോപ്പ് വെള്ളത്തിലായി. ഇതേ തുടർന്ന് ബസ് കയറാനെത്തിയ നിരവധി പേരാണ് ദുരിതത്തിലായത്. മിഠായിത്തെരുവിൽ ദിനംപ്രതി എത്തുന്നവർക്ക് പുറമെ ജോലിക്കു പോകുന്നവരും സ്‌കൂൾ കുട്ടികളുമായി നിരവധി പേരാണ് മാനാഞ്ചിറ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്.വെള്ളം മറികടന്ന് ബസ് കയറാൻ പലപ്പോഴും കഴിയാത്ത അവസ്ഥയാണ്.ബസുകൾ യഥാക്രമം സ്റ്റോപ്പിൽ നിർത്താതെയിരിക്കുമ്പോൾ കൈ നിറയെ സാധനങ്ങളുമായി ഓടിക്കയറുന്ന യാത്രക്കാർ സ്ഥിരം കാഴ്ചയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകളാണ് ഇവിടെ എത്തുന്നത്.
തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാഡിനും വെള്ളക്കെട്ട് ദുരിതമായി. ഓട്ടോ പിടിക്കാൻ മുട്ടോളം വെള്ളത്തിലൂടെ പോകേണ്ട അവസ്ഥയായിരുന്നു.
വെള്ളിമാടികുന്ന്, പറമ്പിൽബസാർ, പാറോപ്പടി ഭാഗങ്ങളിൽ മരംവീണ് ഗതാഗത തടസ്സവും വൈദ്യുതി തകരാറുമുണ്ടായി. വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, താമരശ്ശേരി, തിരുവമ്പാടി ഭാഗങ്ങളിലും കനത്തമഴ പ്രയാസങ്ങൾ സൃഷ്ടിച്ചു.
മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം
കോഴിക്കോട് : ശക്തമായ മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദ്ദേശം. കനത്ത മഴയോടൊപ്പം മൂടൽ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. മലയോര മേഖലകളിൽ മഴ ശക്തമായതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും, മലയോര പാതകളിൽ അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.
സബ് വേയിൽ വെള്ളക്കെട്ട്;
യാത്ര പ്രയാസകരം
കൊയിലാണ്ടി: മഴ പെയ്ത് ബപ്പൻകാട് സബ് വേയിൽ വെള്ളക്കെട്ടായതോടെ യാത്ര പ്രയാസകരമായി. തൊണ്ണൂറ് ലക്ഷം രൂപ ചെലവിലാണ് സബ് വേ പണിതത്. മഴ പെയ്യുന്നതോടെ സബ് വേയിൽ വെള്ളമുയരും. മഴ മാറിയാൽ മാത്രമേ വെള്ളം വറ്റിച്ച് യാത്ര പുന:സ്ഥാപിക്കാൻ കഴിയൂ. കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ പത്തിലധികം ഡിവിഷനുകളിലെ ജനങ്ങൾ അങ്ങാടിയുമായി ബന്ധപ്പെടുന്നത് സബ് വേയിലൂടെയാണ്.
മഴ ശക്തമായതോടെ കാൽനടയാത്രികർക്കുള്ള പ്ലാറ്റ് ഫോം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. മഴക്കാലത്ത് സബ് വേയിൽ അപകടങ്ങൾ വർദ്ധിച്ചതോടെ ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സബ് വേയിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ കടക്കരുത് എന്നാണ് ബോർഡ്. വെള്ളം കെട്ടിക്കിടക്കുന്നതോടെ ആളുകൾ അപകടകരമായ രീതിയിൽ റെയിൽപാളം മുറിച്ച് കടക്കുകയാണ്. റെയിൽവേ മേൽപ്പാലത്തിൽ കാൽനടയാത്രയ്ക്ക് സംവിധാനമില്ല. യാത്ര തടസപ്പെടുന്നതോടെ ഈസ്റ്റ് റോഡിലെ കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിർമിതിയിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് നഗരസഭാ നഗരസഭാ പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത് പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ താത്ക്കാലിക സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.