puri
puri

കോഴിക്കോട്: ആദിശങ്കരൻ സ്ഥാപിച്ച പുരി ഗോവർദ്ധൻ മഠത്തിന്റെ അധിപൻ സ്വാമി നിശ്ചലാനന്ദ സരസ്വതി അദ്ദേഹത്തിന്റെ ഭാരതപര്യടനത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തും. രാഷ്ട്രോത്കർഷ അഭിയാൻ യാത്ര എന്ന പേരിൽ നടക്കുന്ന യാത്രയുടെ ഭാഗമായി അദ്ദേഹം 15,16 തീയതികളിൽ കോഴിക്കോട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വേദോപനിഷത്തുക്കളിലും ഭാരതീയ ആധ്യാത്മിക ശാസ്ത്രവിജ്ഞാനത്തിലും അഗാധപാണ്ഡിത്യമുള്ള സന്യാസിവര്യനാണ് സ്വാമി നിശ്ചലാനന്ദ സരസ്വതി. 14ന് വൈകിട്ട് 6.30ന് ട്രെയിൻമാർഗമെത്തുന്ന സ്വാമിക്ക് കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ സംഘാടക സമിതി സ്വീകരണം നൽകും. 15ന് രാവിലെ 10.30ന് ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ സെന്റിനറി ഹാളിൽ നടക്കുന്ന മഹാസംഗമത്തിലേക്ക് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം മേൽശാന്തി ഷിബു ശാന്തിയുടെ നേതൃത്വത്തിൽ സ്വാമിജിയെ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ പൂർണകുംഭം നൽകി സ്വീകരിക്കും. ആധ്യാത്മികാചാര്യൻമാരും സാമുദായികസംഘടനാ നേതാക്കളും മഹാസംഗമത്തിൽ പങ്കെടുക്കും. അന്ന് വൈകീട്ട് അഞ്ചിന് ചാലപ്പുറം കേസരിഭവനിലെത്തുന്ന സ്വാമി സരസ്വതീമണ്ഡപത്തിലെ ആരതിക്കു ശേഷം പരമേശ്വരം ഹാളിൽ നടക്കുന്ന സത്സംഗത്തിൽ പങ്കെടുക്കും.

16ന് രാവിലെ 11 മണിക്ക് മാറാട് നടക്കുന്ന സത്സംഗത്തിലും സ്വാമി പങ്കെടുക്കും. പൂർണകുംഭം, താലപ്പൊലി എന്നിവയോടെ മാറാട് നിവാസികൾ അദ്ദേഹത്തെ സ്വീകരിക്കും. മാറാട് ശ്രീകുറുംബ ഭഗവതി വേട്ടക്കൊരുമകൻ ക്ഷേത്രപരിസരത്ത് നടക്കുന്ന സത്സംഗത്തിന് ശേഷം അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കും.

കേസരി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി വിവേകാമൃതാനന്ദ പുരി, ചിന്മയാമിഷനിലെ സ്വാമി ജിതാത്മാനന്ദ സരസ്വതി, സംഘാടക സമിതി ചെയർമാൻ എം.ടി. വിശ്വനാഥൻ, ജനറൽ കൺവീനർ എം. ജയരാജ് എന്നിവർ പങ്കെടുത്തു.