
കോഴിക്കോട്: താമരശ്ശേരി കേന്ദ്രീകരിച്ച് കൊലക്കേസ് പ്രതികൾ ഉൾപ്പെടുന്ന ക്വാട്ടേഷൻ സംഘങ്ങൾ സി.പി.എമ്മിന്റെ പേരിൽ ലക്ഷങ്ങൾ തട്ടുന്നതായി ആരോപണം. പ്ലാന്റേഷൻ ഉടമകൾ, പെട്രോൾ പമ്പ് ഉടമകൾ, ഭൂമി ബ്രോക്കർമാർ, ക്വാറി-ക്രഷർ ഉടമകൾ എന്നിവരെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടൽ.
പണം പിരിക്കുന്നത് സി.പി.എമ്മിന് വേണ്ടിയാണെന്ന് പ്രചരിപ്പിച്ചതോടെ വിശദീകരണവുമായി പാർട്ടി രംഗത്തെത്തി. ഫണ്ട് പിരിവിൽ പാർട്ടിക്ക് പങ്കില്ലെന്ന് താമരശ്ശേരിയിൽ നടത്തിയ പൊതുയോഗത്തിൽ വ്യക്തമാക്കിയിട്ടും പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആരോപണങ്ങളും പരാതികളും പോകുന്നതാണ് പ്രാദേശിക സി.പി.എമ്മിന് തലവേദനയായിരിക്കുന്നത്. ചില ക്വട്ടേഷൻ സംഘങ്ങൾ സി.പി.എമ്മിന്റെ പേരുപറഞ്ഞ് പെട്രോൾ പമ്പ് ഉടമകളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി 5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇവരുമായോ ഫണ്ട് പിരിവുമായോ യാതൊരുബന്ധമില്ലെന്നും ഇത്തരം സംഭവങ്ങൾ പരിശോധിച്ചുവരികയാണെന്നുമാണ് നേതാക്കൾ നൽകുന്ന വിശദീകരണം.
പൊലീസിനെ സമീപിച്ച്
പ്ലാന്റേഷൻ ഉടമ
ക്വട്ടേഷൻ സംഘം പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി താമരശ്ശേരിയിലെ പ്ലാന്റേഷൻ ഉടമ രംഗത്തെത്തി. ഇദ്ദേഹം താമരശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറിക്കും പരാതി നൽകിയതായി പ്ലാന്റേഷൻ ഉടമ പറഞ്ഞു. ഇയാളിൽ നിന്നടക്കം നിരവധിപേരിൽ നിന്ന് ഇത്തരം സംഘങ്ങൾ ഫണ്ട് തട്ടിയതായാണ് പരാതി. 25 ലക്ഷം ചോദിച്ചെത്തിയവരിൽ കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുണ്ടെന്നും പരാതിയിൻമേൽ അന്വേഷണം പേരിനു മാത്രമാണ് നടക്കുന്നതെന്നും പ്ലാന്റേഷൻ ഉടമ ആരോപിക്കുന്നു. പ്ലാന്റേഷൻ ഉടമയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് താമരശേരി ഡിവൈ.എസ്.പി പറഞ്ഞു.