കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ അറസ്റ്റിലായവർ ഒഴികെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത മുഴുവൻ ജീവനക്കാരെയും സർവീസിൽ തിരിച്ചെടുത്തു. തിരിച്ചെടുക്കാൻ ബാക്കിയുണ്ടായിരുന്ന റവന്യൂ ഓഫീസർ പി.വി. ശ്രീനിവാസനെ എലത്തൂർ സോണൽ ഓഫീസിൽ നിയമിച്ചു.

ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ടായിരുന്ന കെ.കെ.സുരേഷ്, ടാക്‌സ് സൂപ്രണ്ട് പി.കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്‌പെക്ടർ സർക്കിൾ ഒന്നിലെ എൻ.പി. മുസ്തഫ, എലത്തൂർ സോണൽ ഓഫീസ് റവന്യൂ ഓഫീസർ എം.പി.പ്രീത എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ച് ആഗസ്റ്റ് 31ന് തിരിച്ചെടുത്തിരുന്നു.

അതേസമയം കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലെന്ന ആരോപണം ശക്തമാണ്. ഒരു കേസിൽ രണ്ട് ജീവനക്കാർ ഉൾപ്പടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി നിർണയ വിവരങ്ങൾ എൻട്രി ചെയ്ത് സൂക്ഷിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഓൺലൈൻ സോഫ്റ്റ് വെയറായ 'സഞ്ചയ'യിൽ ജീവനക്കാർക്ക് അനുവദിച്ച ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്തതാണ് തട്ടിപ്പ് നടത്തിയത്. കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുകയും ഡിജിറ്റൽ സിഗ്‌നേച്ചർ ചെയ്ത് നികുതി സ്വീകരിച്ചതായും കണ്ടെത്തിയിരുന്നു. സോഫ്റ്റ് വെയറിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും വീഴ്ച മറച്ചുവെയ്ക്കാനാണ് സെക്രട്ടറി ഭരണ പ്രതിപക്ഷ യൂണിയൻ നേതാക്കൾക്കെതിരെ ഉൾപ്പടെ സസ്‌പെൻഷൻ നടപടികൾ സ്വീകരിച്ചതെന്നും ജീവനക്കാർ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അനിശ്ചിതകാല സമരവും നടത്തിയിരുന്നു.