snake
കോഴിക്കോട് കാരപ്പറമ്പിൽ പെരുമ്പാമ്പിനെ കാണാനെത്തിയവരുടെ തിരക്ക്

കോഴിക്കോട്: വെള്ളത്തിൽ ഒന്നു മറിയാതെ പെരുമ്പാമ്പ്. കരയിൽ വിയർത്തുകുളിച്ച് വെള്ളത്തിലേക്ക് ഉറ്റു നോക്കുന്ന വൻ ജനക്കൂട്ടം. ഇതായിരുന്നു ഇന്നലെ കാരപ്പറമ്പ് കനോലി കനാലിനടുത്തെ അവസ്ഥ. കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ വീണ്ടും കണ്ടതോടെ നിരവധി പേരാണ് ഇവിടേക്കെത്തിയത്. പലരും പാമ്പിനെ കാണാൻ തിക്കും തിരക്കും കൂട്ടി. റോഡിൽ വാഹനങ്ങൾ നിറുത്തിയിട്ട് പാമ്പിനെ കാണാൻ ഓടിയെത്തി. പെട്ടന്നാണ് സീബ്രാലെെൻ മുറിച്ച് കടന്ന പെൺകുട്ടിയെ ബസിടിച്ച് തെറിപ്പിച്ചത്. കനാലിൽ പെരുമ്പാമ്പിൻ കൂട്ടത്തെ കാണാനെത്തിയതായിരുന്നു ഇവർ. പാമ്പിനെ കണ്ട് തിരിച്ച് റോ‌ഡ് ക്രോസ് ചെയ്യുന്നതിനിടെ എതിരെ വന്ന ബസ് പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഡ്രെെവറുടെ ശ്രദ്ധ പാമ്പിൻകൂട്ടത്തെ കാണാനെത്തിയവരിലേക്ക് തിരിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. പെൺകുട്ടിയുടെ പിതാവിന്റെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ്. കുട്ടിയ്ക്ക് സാരമായ പരിക്കില്ല.

നേരത്തെയും കനാലിൽ പെരുമ്പാമ്പുകളെ കാണാറുണ്ടെങ്കിലും കൂട്ടത്തോടെ കാണുന്നത് കഴിഞ്ഞ ദിവസം മുതലാണ്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഒരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.

ഇന്നലെ രാവിലെ പത്തരയോടെയാണ് കനാലിന് സമീപം ഇരയെടുത്ത ശേഷം വിശ്രമിക്കുകയായിരുന്ന പാമ്പുകൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ ആളുകൾ തടിച്ചുകൂടി. റോഡിലൂടെ യാത്ര പോകുന്നവരും ബസ് യാത്രികരും അക്കൂട്ടത്തിലുണ്ടായിരുന്നു. മൂന്ന് പെരുമ്പാമ്പുകളാണ് ഇന്നലെ കനാലിന്റെ പരിസരത്തുണ്ടായിരുന്നത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ നിന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തിയെങ്കിലും പാമ്പുകളെ പിടികൂടിയില്ല. കാരപ്പറമ്പിൽ കനോലി കനാലിനോട് ചേർന്ന് ഒരു ഇറച്ചിക്കടയുണ്ട്. അവിടെ നിന്നുള്ള കോഴിയുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനാണ് ഇവ എത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കനാലിൽ പായൽ നിറഞ്ഞു കിടക്കുകയാണ്. സാധാരണ പെരുമ്പാമ്പുകളെ കാണുന്ന ഇടമാണിത്. അതിന്റെ ആവാസവ്യവസ്ഥയാണ് കനോലി കനാലിന്റെ പരിസരമെന്നും ആളുകൾക്ക് ഭീഷണിയില്ലെന്നും വനംവകുപ്പ് സംഘം പറഞ്ഞു.