h
കെ. സാദിരികോയ അനുസ്മരണത്തോടനുബന്ധിച്ച് കെ.പി കേശവമേനോൻ ഹാളിൽ നടന്ന കർമ്മശ്രേഷ്ടാ പുരസ്കാരം മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ മുൻ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കുന്നു

കോഴിക്കോട്: എക സിവിൽകോഡിന് സമയമായെന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നിലപാട് തന്നെയാണോ സി.പി.എമ്മിന് ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.സാദിരിക്കോയയുടെ ഒമ്പതാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വർഗീയ പാർട്ടികളുടെ സാന്നിദ്ധ്യം ഭൂരിപക്ഷ വർഗീയത വളർത്തുമെന്നാണ് 12ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇ.എം.എസ്. പറഞ്ഞത്. അതിനെതിരേ കലാപക്കൊടിയുയർത്തിയ എം.വി. രാഘവൻ ഉൾപ്പെടെയുള്ളവരെ സി.പി.എം. പുറത്താക്കി. 84 മുതൽ മുസ്ലീംവിരുദ്ധ വികാരം ആളിക്കത്തിക്കാൻ നമ്പൂതിരിപ്പാട് എടുത്ത നിലപാടുകൾ എല്ലാവർക്കും അറിയാം. മുസ്ലീംലീഗ് ജനാധിപത്യ, മതേതരപാർട്ടിയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത് ഇ.എം.എസിന്റെ നിലപാട് തള്ളിയിട്ടാണോ എന്ന് വ്യക്തമാക്കണം. ഏകസിവിൽകോഡും ലവ് ജിഹാദും ബി.ജെ.പി. വീണ്ടും പ്രചാരണായുധങ്ങളാക്കുമ്പോൾ അക്കാര്യങ്ങളിലും സി.പി.എം. നിലപാട് വ്യക്തമാക്കണം.
ഗുജറാത്തിൽ ഏഴാം തവണയും ബി.ജെ.പി. അധികാരത്തിലെത്തിയത് മതേതര ജനാധിപത്യ ശക്തികൾ ജാഗ്രതയോടെ വിലയിരുത്തണം. തീവ്രഹിന്ദുത്വ വികാരം ആളിക്കത്തിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഇപ്പോഴും തുടരുന്ന സി.പി.എം. നിഷേധ രാഷ്ട്രീയത്തിന്റെ തടവറയിൽ നിന്ന് പുറത്തുവരണം. വിട്ടുവീഴ്ചയില്ലാത്ത മതേതരവാദിയായിരുന്ന കെ. സാദിരിക്കോയ, എല്ലാ അധികാരങ്ങളും കൈയിലുണ്ടായിട്ടും നൂറു ശതമാനം സത്യസന്ധനായി പ്രവർത്തിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു. മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ കെ.പി. കുഞ്ഞിക്കണ്ണന് അദ്ദേഹം കർമശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, എം. രാജൻ, കെ. രാജീവ്, കെ.എം. ഉമ്മർ, കാവിൽ പി. മാധവൻ, നിസാർ പുനത്തിൽ, കെ.രാമചന്ദ്രൻ, കെ.വി. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.