g
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മേമുണ്ട് ഹയർസെക്കൻഡറി സ്‌കൂൾ വജ്ര ജൂബിലി കെട്ടിടം

വടകര: മേമുണ്ട ഹയർസെക്കൻഡറി സ്‌കൂൾ വജ്ര ജൂബിലി കെട്ടിടത്തിന്റെയും ഓപ്പൺസ്റ്റേജ്, ഇൻഡോർ ഗ്രൗണ്ട് എന്നിവയുടെയും ഉദ്ഘാടനം 17ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും തങ്ങളുടെ ശേഷികൾ സമസ്ത മേഖലയിലും വികസിപ്പിക്കാനാവുന്ന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷൻ 2025 എന്ന വികസനപദ്ധതിക്ക് മാനേജ്‌മെന്റും പി.ടി.എയും നേതൃത്വം നൽകിയത്. ഇതിൽ ലക്ഷ്യമിട്ട 30 ക്ലാസ് മുറികളുള്ള വജ്ര ജൂബിലി കെട്ടിടം, ചുറ്റുമതിൽ, ഉച്ചഭക്ഷണ അടുക്കള, ഇൻഡോർ ഹാൾ, മുപ്പത് അടി വലിപ്പമുള്ള ഓപ്പൺ സ്റ്റേജ്, നീന്തൽകുളം, സ്‌കൂൾഹാൾ, സോളാർ വൈദ്യുതി, യു.പി വിഭാഗം കെട്ടിടം, മാലിന്യസംസ്‌കരണ സംവിധാനം, കുടിവെള്ള പദ്ധതി, പുതിയ ഓഫീസ്, ലൈബ്രറി, ലാബുകൾ, മൾട്ടിമീഡിയ റൂം, വിവര സാങ്കേതികവിദ്യ സാദ്ധ്യമാക്കിയ ക്ലാസ് മുറികൾ എന്നിവയെല്ലാം ഒരുങ്ങിയതായി ഇവർ അറിയിച്ചു. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്‌സൺ കെ.കെ ബിജുള, കൺവീനർ എം.നാരായണൻ, മനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ആർ.ബാലറാം, പി.പി പ്രഭാകരൻ, എ.പി അമർനാഥ്, പി.കെ കൃഷ്ണദാസ്, പി.കെ ജിതേഷ്, രാഗേഷ് പുറ്റാറത്ത് എന്നിവർ പങ്കെടുത്തു.