കോഴിക്കോട് : കോംട്രസ്റ്റ് രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. 2009 ഫെബ്രുവരി ഒന്നുമുതൽ അടച്ചുപൂട്ടിയ കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ ഭാഗമായി 2012 ൽ കേരള നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും തുടർ നടപടികൾ ത്വരിതപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്. അനിശ്ചിതകാല സത്യാഗ്രഹ സമരം കോഴിക്കോട് സെൻട്രൽ ലൈബ്രറി പരിസരത്ത് ഇന്ന് രാവിലെ 11 ന് കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. സമരസമിതി കൺവീനർ ഇ.സി. സതീശൻ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് പി. ശശിധരൻ, ഐ.എൻ.ടി.യു.സി നേതാവ് അഡ്വ. എം. രാജൻ, ജെ.എൽ.യു നേതാവ് ബിജു ആന്റണി, എസ്. ടി.യു നേതാവ് അഡ്വ. മനാഫ് തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കും.