rijil

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിൽ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മുൻ മാനേജർ നായർകുഴി, ഏരിമല പറപ്പാറമ്മൽ വീട്ടിൽ എം.പി. റിജിൽ (32) നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഓഹരി ഊഹകച്ചവടത്തിനും വായ്പ തവണ അടയ്ക്കുന്നതിനും ഓൺലൈൻ റമ്മി കളിക്കുമായി പണം ഉപയോഗിച്ചതായി റിജിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇന്നലെ വൈകിട്ട് അഞ്ചോടെ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി അവസാനിക്കുന്ന ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. എത്ര രൂപയാണ് റിജിൽ തട്ടിയെടുത്തതെന്ന കാര്യത്തിൽ ചോദ്യം ചെയ്യലിലൂടയേ വ്യക്തത വരികയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എ. ആന്റണി പറഞ്ഞു. ഓരോ ഇടപാടും പരിശോധിച്ച് മുഴുവൻ തുകയും ചെലവഴിച്ച വഴിയും കണ്ടെത്തേണ്ടതുണ്ട്. പണം ആർക്കെങ്കിലും നൽകിയോ, എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ, വസ്തുവകകൾ വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് പിന്നിലുണ്ടെന്ന ജാമ്യാപേക്ഷയിലെ വാദം ചോദ്യം ചെയ്യലിൽ റിജിൽ പറഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണവും ബാങ്കിന്റെ ഓഡിറ്റിംഗും നടക്കുന്നുണ്ട്. ഇതിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകും. ഓൺലൈൻ ട്രാൻസാക്ഷൻ വഴി നടത്തിയ തട്ടിപ്പ് ഒരാൾക്ക് മാത്രമായി ചെയ്യാം സാധിക്കുമെന്നും തട്ടിപ്പിന്റെ വ്യാപ്തി കുറയില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ഏതെങ്കിലും ഘട്ടത്തിൽ മറ്റ് സഹായം കിട്ടിയോ എന്ന കാര്യത്തിൽ അന്വേഷണം നടക്കും.