കോഴിക്കോട്: മാനാഞ്ചിറ കിഡ്സൺ കോർണറിൽ പാർക്കിംഗ് പ്ലാസ നിർമിക്കുന്നതിനായി പൊളിച്ചുമാറ്റുന്ന സത്രം ബിൽഡിംഗിലെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലെ അനിശ്ചിതത്വം നീക്കുമെന്ന് കോർപ്പറേഷൻ. ഒഴിയേണ്ട കച്ചവടക്കാർക്ക് താത്കാലിക സംവിധാനം ഒരുക്കുന്നതിനായി കോർപ്പറേഷൻ അനുവദിച്ച സ്ഥലത്ത് കോൺക്രീറ്റ് കെട്ടിടം നിർമിച്ചതിനെതിരെ കോർപ്പറേഷൻ നടപടി സ്വീകരിച്ചിരുന്നു. ഇതോടെ കച്ചവടക്കാർ ഒഴിയാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. അതേസമയം നിശ്ചയിച്ച സ്ഥലത്ത് കോർപ്പറേഷൻ തന്നെ താത്കാലിക സംവിധാനം ഒരുക്കാനാണ് തീരുമാനം. നഗരം കാത്തിരിക്കുന്ന പാർക്കിംഗ് പ്ലാസ നിർമാണം വൈകില്ലെന്ന് കോർപ്പറേഷൻ പൊതുമരാത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു.
കച്ചവടക്കാരുടെ അനധികൃത നിർമാണത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതോടെയാണ് കോർപ്പറേഷൻ കെട്ടിടം പൊളിച്ചു മാറ്റാൻ കടക്കാർക്ക് നോട്ടീസ് നൽകിയത്. നഗര മദ്ധ്യത്തിലെ സെൻട്രൽ ലൈബ്രറിയ്ക്ക് സമീപമുള്ള റോഡിലും താജ് റോഡിലും കോൺഗ്രീറ്റ് കെട്ടിടം നിർമിക്കുന്നതിനെതിരായിരുന്നു പരാതി. കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് തന്നെ ഫെബ്രിക്കേഷൻ മോഡൽ കടമുറികൾ കോർപ്പറേഷൻ നിർമ്മിച്ചു നൽകുമെന്നാണ് കോർപ്പറേഷന്റെ തീരുമാനമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ പി.സി രാജൻ പറഞ്ഞു.
പന്ത്രണ്ട് വ്യാപാര സ്ഥാപനങ്ങളാണ് സത്രം ബിൽഡിംഗിൽ നിലവിൽ പ്രവർത്തിക്കുന്നത്. പി.എം താജ് റോഡിൽ കംഫർട്ട് സ്റ്റേഷനോട് ചേർന്ന് ഒമ്പതു പേർക്കും സെൻട്രൽ ലൈബ്രറിക്ക് എതിർവശം മൂന്ന് പേർക്കുമാണ് സ്ഥലം അനുവദിച്ചത്. നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് അനധികൃതമായാണ് നിർമാണം എന്ന് കോർപ്പറേഷൻ പറയുന്നതെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. ജുവലറി പോലുള്ള കടകൾ സുരക്ഷിതമില്ലാത്ത കടകളിലേക്ക് എങ്ങനെ മാറ്റും എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.