
കോഴിക്കോട്: പകർച്ചവ്യാധി തടയുന്നതിന് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 10 ഐസൊലേഷൻ വാർഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച ഐസൊലേഷൻ വാർഡുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയറ എസ്.കെ. പൊറ്റക്കാട് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു. 2023 ജനുവരി അവസാനത്തോടെ കേരളത്തിൽ 75 ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് -ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്, മേയർ ഡോ. ബീനാ ഫിലിപ്പ്, എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.