corporation

കോഴിക്കോട്: കോർപ്പറേഷൻ അക്കൗണ്ടിലെ പണം പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനു പിന്നാലെ കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ ഹാളിന് പുറത്ത് എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്.

അഞ്ച് എൽ.ഡി.എഫ് കൗൺസിലർമാർക്കും മൂന്ന് യു.ഡി.എഫ് കൗൺസിലർമാർക്കുമാണ് പരിക്കേറ്റത്. മൂന്ന് മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.

വൈകിട്ട് നാലരയോടെയാണ് സംഭവം.

എൽ.ഡി.എഫ് കൗൺസിലർമാരായ മഹേഷ്, ടി. മുരളീധരൻ, ഷീബ, ടി.കെ.ഷമീന, എൻ. ജയഷീല എന്നിവർക്കും പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, സൗഫിയ അനീഷ്, ഓമന മധു, കോതി സമരസമിതി കൺവീനർ ടി. സിദ്ദിഖ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ഉപനേതാവ് കെ. മൊയ്തീൻകോയ ഉൾപ്പടെ 15 യു.ഡി.എഫ് കൗൺസിലർമാരെ യോഗം അവസാനിക്കുന്നത് വരെ മേയർ ബീന ഫിലിപ്പ് സസ്പൻഡ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ കൗൺസിൽ പിരിഞ്ഞിട്ടും ഹാളിനകത്ത് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധം തുടർന്നു. ഇവർക്ക്ഐക്യദാർഢ്യവുമായി യു.ഡി.എഫ് നേതാക്കൾ എത്തിയപ്പോഴാണ് കൈയാങ്കളിയുണ്ടായത്.ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണയോട് പ്രതികരണം തേടുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്. മരക്കഷ്ണങ്ങളും മറ്റുമുപയോഗിച്ചായിരുന്നു ആക്രമണം. പൊലീസെത്തിയാണ് ആക്രമണം തടഞ്ഞത്.യു.ഡി.എഫ് കൗൺസിലർമാരെ കൗൺസിൽ ഹാളിൽ നിന്ന് പൊലീസ് മാറ്റുന്നതിനിടെ യു.ഡി.എഫ് വനിത കൗൺസിലർമാർക്കും മർദ്ദനമേറ്റു.

കേരള വിഷൻ റിപ്പോർട്ടർ റിയാസ് കെ.എം.ആർ, കാമറാമാൻ വസിം അഹമ്മദ്, മാതൃഭൂമി കാമറമാൻ ജിതേഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.