cor
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​രു​ടെ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​യോ​ഗം​ ​നി​ർ​ത്തി​വെ​ച്ച് ​ഇ​റ​ങ്ങി​പ്പോ​കു​ന്ന​ ​മേ​യ​ർ​ ​ഡോ.​ബീ​ന​ ​ഫി​ലി​പ്പ്

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്ക് കോർപ്പറേഷൻ അക്കൗണ്ടിലെ തട്ടിപ്പിൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ബഹളവും പുറത്ത് കൂട്ടത്തല്ലും. ഇന്നലെ മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേ‌ർന്ന കൗൺസിൽ യോഗത്തെ തുടർന്നാണ് നഗരസഭ ഇതുവരെ കാണാത്ത സംഭവങ്ങൾ.

യു.ഡി.എഫിലെ കെ. മൊയ്തീൻ കോയയും ബി.ജെ.പിയിലെ ടി. റനീഷും നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് ബഹളത്തിന് തുടക്കം. തലയിൽ കറുത്ത നാട കെട്ടിവന്ന യു.ഡി.എഫ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അടിയന്തര സ്വഭാവമില്ലാത്ത പ്രമേയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ പ്രമേയം തള്ളിയത്. തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് നടത്തിയ ഇടപെടലുകൾ മേയർ വിശദീകരിച്ചു. നഷ്ടമായ തുക തിരിച്ചുകിട്ടിയെന്ന് കൗൺസിലിൽ അറിയിക്കുകയും ചെയ്തു. തുടർന്നും യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ സഭ നിറുത്തിവെച്ച് കക്ഷി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. ഇതിൽ പങ്കെടുക്കാതിരിക്കുകയും സഭാ നടപടികൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് യോഗത്തിനെത്തിയ 15 കൗൺസിലർമാരെയും മേയർ കൗൺസിൽ യോഗം കഴിയുംവരെ സസ്പെൻഡ് ചെയ്തു. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യവും എൽ.ഡി.എഫ് അംഗങ്ങൾ കൂക്കിവിളികളുമുയർത്തിയതോടെ യോഗം ബഹളത്തിൽ മുങ്ങി. സസ്‌പെന്റ് ചെയ്തിട്ടും സഭയിൽ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ഉയർത്തിയ പ്രതിഷേധത്തിനിടെ 191 അജണ്ടകളും അഞ്ച് മിനിട്ടിൽ പാസാക്കി സഭ പരിഞ്ഞു. അജണ്ടകളിൽ അഭിപ്രായം പറയാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തി. രേഖാമൂലം അറിയിച്ചാൽ നടപടിയുണ്ടാവുമെന്ന മേയറുടെ ഉറപ്പിൽ അവർ പിൻവാങ്ങുകയായിരുന്നു. യു.ഡി.എഫ് മുദ്രാവാക്യങ്ങളും എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണയിൽ അജണ്ടകൾ പാസാക്കലും തുടരുന്നതിനിടെ ബി.ജെ.പി അംഗങ്ങൾ സഭ ബഹിഷ്‌ക്കരിച്ചു. എന്നാൽ യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു . ഈ സമയത്താണ് കൗൺസിൽ ഹാളിന് പുറത്ത് യു.ഡി.എഫ് ,എൽ.ഡി.എഫ് അംഗങ്ങൾ ഏറ്റുമുട്ടിയത്.

@ ആർ.ബി.ഐയ്ക്കും പ്രധാനമന്ത്രിയ്ക്കും

പരാതി നൽകിയെന്ന് മേയർ

പി.എൻ.ബി അക്കൗണ്ടിലെ തട്ടിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്, ബാങ്കിംഗ് ഓംബുഡ്‌സ്മാൻ, റിസർവ് ബാങ്ക് കംപ്ലയിന്റ് മാനേജ്‌മെന്റ് സെൽ എന്നിവർക്ക് പരാതി നൽകിയതായി മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. തട്ടിപ്പ് ആദ്യം കണ്ടുപടിച്ചത് കോർപ്പറേഷനാണ് .സെക്രട്ടറിക്ക് ബാങ്ക് അയച്ച കത്ത് ഇതിന് തെളിവാണ്. പണം നഷ്ടപ്പെട്ടതിൽ ബാങ്കിന്റെയും കോർപ്പറേഷന്റോയും കണക്കിൽ പൊരുത്തക്കേടില്ല. പലിശയാണ് ഇനി കിട്ടാനുള്ളതെന്നും മേയർ പറഞ്ഞു.

കേസ് സിസി.ബി.ഐ അനേഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി മേയർ ഡോ.ബീന ഫിലിപ്പും ഡപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബാങ്കിന്റെ ഇടപെടലിനെ തുടർന്ന് സി.ബി.ഐക്ക് അന്വേഷണം വിടാം. അടിയന്തര പ്രമേയം അനുവിദിച്ചില്ലെങ്കിലും ചർച്ചയ്ക്ക് ഒരുക്കമായിരുന്നെന്ന് ഇരുവരും പറഞ്ഞു. കക്ഷി നേതാക്കളുടെ യോഗത്തിന് പോലും പങ്കെടുക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി ശരിയല്ലെന്ന് മേയർ പറഞ്ഞു.

പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷം

കോഴിക്കോട് : കോർപ്പറേഷൻ ഓഫീസിൽ നടന്നത് യു.ഡി.എഫ് ഗുണ്ടാ അക്രമമെന്ന് എൽ.ഡി.എഫും ഇടത് ഗുണ്ടായിസമെന്ന് യു.ഡി.എഫും ആരോപിച്ചു. സാധാരണ കൗൺസിൽ യോഗത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയാണ് യു.ഡി.എഫ് കുഴപ്പം സൃഷ്ടിച്ചത്. പി.എൻ.ബി തട്ടിപ്പിനെ കുറിച്ച് വിശദീകരിച്ച മേയർ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ അനുമതി നിഷേധിക്കുകയായിരുന്നു. ഇത് യു.ഡി.എഫ് അംഗീകരിച്ചില്ല. ബഹളമുണ്ടാവുന്ന സന്ദർഭത്തിൽ സാധാരണഗതിയിൽ മേയർ എഴുന്നേറ്റ് നിന്നാൽ എല്ലാ കൗൺസിലർമാരും ഇരിക്കാറാണ് സഭാ കീഴ് വഴക്കം. അത് യു.ഡി.എഫ് ലംഘിച്ചുവെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസ് പരിസരത്ത് പ്രകടനവും പൊതു യോഗവും ചേർന്നു. ഒ.സദാശിവൻ സ്വാഗതം പറഞ്ഞു. പി.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. സി.പി. മുസാഫർ അഹമ്മദ് പ്രസംഗിച്ചു. എൽ.ഡി.എഫ് കൗൺസിൽ പാർട്ടി പ്രതിഷേധിച്ചു. കോർപ്പറേഷൻ കൗൺസിലിനെ തുടർന്നു പുറത്തു നടന്ന സംഭവങ്ങൾ ഭരണസമിതിയുടെ ഗുണ്ടായിസമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖും പറഞ്ഞു.

കെ.യു.ഡബ്ല്യു.ജെ

പ്രതിഷേധിച്ചു

കോഴിക്കോട് : കോർപ്പറേഷൻ കൗൺസിൽ ഹാളിന് മുന്നിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കുനേരെയുണ്ടായ കൈയേറ്റത്തിൽ കേരള പത്രപ്രവർത്തകയൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള വിഷൻ റിപ്പോർട്ടർ കെ.എം.ആർ. റിയാസ്, കാമറാമാൻ വസിംഅഹമ്മദ്, മാതൃഭൂമി ന്യൂസ് കാമറമാൻ ജിതേഷ് എന്നിവരെയാണ് ഒരു സംഘം എൽ.ഡി.എഫ്. പ്രവർത്തകർ കൈയേറ്റം ചെയ്തത്. മാദ്ധ്യമപ്രവർത്തകരുടെ തൊഴിൽസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ല. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.